Home Blog Page 77

അടിമാലി ഇരുമ്പുപാലത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചത് ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സംശയം

അടിമാലി: ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചത് ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സംശയം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും മരിച്ചത്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ പെട്ടെന്ന് അവശനിലയിലായതിനെ തുടര്‍ന്ന് പിതാവ് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിനുള്ളില്‍ നിന്ന് പൊട്ടിയൊഴുകിയ നിലയില്‍ ചിതല്‍നാശിനി പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ വൈദ്യുതി മുടങ്ങിയ സമയത്താണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലെ ചിമ്മിനിയോട് ചേര്‍ന്നുള്ള തട്ടില്‍ സൂക്ഷിച്ചിരുന്ന ചിതല്‍നാശിനി പൊട്ടിയൊഴുകി തറയില്‍ വീണതാകാമെന്നാണ് കരുതുന്നത്. അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൈകളില്‍ വിഷാംശം പറ്റുകയും അറിയാതെ കൈ വായില്‍ വെച്ചതിലൂടെ വിഷം ഉള്ളില്‍ ചെന്നതാകാമെന്നാണ് സംശയം.
സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇത് കഴുകിക്കളഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
പിന്നീട് ഒരു കുട്ടിക്ക് പാല്‍ നല്‍കുന്നതിനിടെ ഇരുവരും അവശനിലയിലാകുകയായിരുന്നു. ഉടന്‍ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

ദക്ഷിണകൊറിയയെ കീഴടക്കി ജൂനിയര്‍ പെണ്‍കുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണകൊറിയയെ 3-1ന് ആണ് ഇന്ത്യ കീഴടക്കിയത്. സുപ്രിയ ഹാട്രിക് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. മധു സിദാര്‍, സുഖ്വീര്‍ കൗര്‍ എന്നിര്‍ ഓരോ ഗോളും നേടി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ ക്വാര്‍ട്ടറില്‍ 13-ാം മിനിറ്റില്‍ മധു സിദാറിലൂടെ ഇന്ത്യ ലീഡ് നേടി തുറന്നു. തുടര്‍ന്ന് 17-ാം മിനിറ്റില്‍ സുപ്രിയ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. തുടര്‍ന്ന് 33, 56 മിനിറ്റുകളില്‍ കൂടി ഗോള്‍ നേടിയ സുപ്രിയ ഹാട്രിക് പൂര്‍ത്തിയാക്കി. 21-ാം മിനിറ്റില്‍ സുഖ്വീര്‍ കൗര്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടിയപ്പോള്‍ 41-ാം മിനിറ്റില്‍ ജിയോങ് യൂറിയിലൂടെ ദക്ഷിണ കൊറിയ ആശ്വാസ ഗോള്‍ മടക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിലും ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. മലേഷ്യയെ 31ന് കീഴടക്കി. ക്യാപ്റ്റന്‍ അന്‍മോല്‍ എക്ക രണ്ട് ഗോളടിച്ചു. സുഖ്വീന്ദര്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇടകുളങ്ങര റെയിൽവേ മേൽപാലം നിർമാണംടെൻഡർ ഉടൻ, സി ആർ മഹേഷ്‌ എം എൽ എ,നിർമാണ ചിലവ്- 49.34 കോടി രൂപ

കരുനാഗപ്പള്ളി. കാരൂർ കടവ് -ഭരണിക്കാവ് റോഡുകളെ ബന്ധിപ്പിക്കുന്ന ഇടക്കുളങ്ങര റെയിൽവേ മേൽപ്പാലനിർമാണ പ്രവൃ ത്തി
ഈ മാസം അവസാനം ടെൻഡർ ചെയ്യുമെന്ന്സി ആർ മഹേഷ്‌ എം എൽ എഅറിയിച്ചു . സ്ഥലം ഏറ്റടുപ്പ് അവസാന ഘട്ടത്തിൽ ആണ്. ഒക്ടോബർ മാസത്തോട് കൂടി പണി ആരംഭിക്കുവാൻ സാധികുന്നതാണ്.


നിർമാണ ചുമതല കേരള റെയിൽ ഡെവ ലപ്മെന്റ് കോരർപറേഷന് ആണ് നൽകിയിരിക്കുന്നത്.
7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാത ആയി ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
100% റെയിൽവേ ഫണ്ട് വിനിയോഗിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.


ഇരു വശങ്ങളിലും സർവീസ് റോഡ് ഉൾപെടുത്തിയാണ് പാലം നിർമ്മാണം നടപ്പാക്കുന്നത്. മേൽപാലം വരുന്നതോടു കൂടി ഏറെ നാളായിയുള്ള ഗതാഗതാകുരുക്കിന് ഒരു ആശ്വാസം ആകും.
ഓച്ചിറ -താമരക്കുളം റോഡിൽ മേൽപാലം സ്ഥലമെടുപ്പ് അവസാ ഘട്ടത്തിലാണ്. ടെൻസർ നടപടികൾ പുരോഗമിക്കുന്നു.

വവ്വാകാവ്- ആനയടി റോഡിലെയും , ചിറ്റുമൂല -മുരുകാലയംറോഡിലെയും മേൽപാലങ്ങൾ നിർമ്മിക്കുന്നതിനുള്ളനടപടികൾ പുരോഗമിക്കുന്നതായും എം എൽ എ അറിയിച്ചു
എം എൽ എ യോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ,കെ ആർ ഡി സി എൽ ഉദ്യേഗസ്ഥരായ രാജേന്ദ്രൻ , ഹരിദാസൻ,ജോസഫ്, റോബിൻ, എന്നിവരും സ്ഥലമെടുപ്പ് ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ മാറ്റം,സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്രമായ മാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന കാര്യം പരിഗണനയിലാണ്. മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനൊപ്പം, പുനരുപയോഗിക്കാന്‍ കഴിയാത്ത സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതേസമയം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേന യൂസര്‍ ഫീ ഈടാക്കുന്നത് തുടരുന്നതാണ്.

വീടിന്റെ വലിപ്പമനസുരിച്ച് യൂസര്‍ ഫീ പിരിക്കുന്നതും ആലോചനയിലുണ്ട്. ചെറിയ വീടുള്ളവര്‍ ചെറിയ തുക നല്‍കിയാല്‍ മതി. പുനഃ സംഘടിപ്പിച്ച സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗത്തില്‍ മന്ത്രി കെഎം ഷാജി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ സമഗ്രമായി പഠിക്കാനുംശാസ്ത്രീയവും സുസ്ഥിരവുമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര ചെയര്‍മാനായും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ കണ്‍വീനറായും ഒരു ഉപസമിതി രൂപീകരിച്ചു.

വഴിയരികുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്ക് ഒന്നിന് 5000 രൂപ നിരക്കില്‍ പിഴ ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പിഴത്തുകയ്ക്ക് പുറമേ, ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതാണ്. ഈ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത്തരം തുക തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിപരമായി ഈടാക്കുമെന്നും ഉത്തരവിലുണ്ട്.

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. ഇരുവര്‍ക്ക് വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്.

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കെഎസ്ഇബി ഓഫീസ് ലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചൂട്ടു കത്തിച്ചു പ്രതിഷേധ പ്രകടനം

ശാസ്താംകോട്ട. കെഎസ്ഇബി ഓഫീസ് ലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചൂട്ടു കത്തിച്ചു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്  സന്തോഷ് എസ് വലിയപാടം ഉദ്ഘാടനം ചെയ്തു .

ഡിവൈഎഫ്ഐ ശാസ്താംകോട്ട പടിഞ്ഞാറ് മേഖല സെക്രട്ടറി വിഷ്ണു അധ്യക്ഷനായി  . ശാസ്താംകോട്ട കിഴക്ക് മേഖലാ സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു ഡിവൈഎഫ്ഐ നേതാക്കളായ അലീന അമൽ ,സച്ചിൻ രാജ് അജേഷ്, ആതിര
ഷഹനാസ് എന്നിവർ നേത്യത്വം നൽകി

വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍

കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്. മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി ആഭരണം കൈവശപ്പെടുത്തി പ്രതി സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു.
കേസില്‍ സഫര്‍നാസിന്റെ സഹോദരന്‍ നടക്കാവ് നാലുകുടിപ്പറമ്പില്‍ റാഹാമറിയം വീട്ടില്‍ ഷഫീഖിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തുകൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്. സഹോദരന്‍ ഷഫീഖിന്റെ അറിവോടെയാണ് മലപ്പുറത്ത് താമസിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഫര്‍നാസിനെ പിടികൂടിയത്. ഇയാള്‍ക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയില്‍ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം തുടരുകയാണ്.

സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനില്‍ കുമാര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

മൈനാഗപ്പള്ളിയിൽ കാട്ടുപന്നി ശല്യം രൂക്ഷം;വലഞ്ഞ് കർഷകർ

Wild Boar Menace
Government Issues New Order to Tackle Wild Boar Menace

ശാസ്താംകോട്ട:കാർഷിക മേഖലയായ മൈനാഗപ്പള്ളി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ വലയുന്നു.കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വാഴ, ചേമ്പ്, ചേന, കിഴങ്ങ് വർഗ്ഗങ്ങൾ, തെങ്ങുകൾ തുടങ്ങി എന്തും ഏതും നശിപ്പിക്കുകയാണ്.കോവൂർ, ആറ്റുപുറം, ഇടവനശ്ശേരി, വേങ്ങ, ആറാട്ടുചിറ , കല്ലുകടവ് തുടങ്ങിയ മേഖലകളിലാണ് നിലവിൽ ശല്യം രൂക്ഷമായി ഉള്ളത്. ദിനംപ്രതി ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മികച്ച സമ്മിശ്ര കൃഷി കർഷകനായ കോവൂർ സ്വദേശി സോമൻ്റെ ഓണത്തിന് വിളവെടുക്കേണ്ടിയിരുന്ന കൃഷി അടക്കം വ്യാപകമായി നശിപ്പിക്കപ്പെട്ടു.


വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പ്രശനത്തിൽ ഇടപെടുകയും ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരിയമ്മ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൻ്റെ ആറ് ഷുട്ടർമാർ പഞ്ചായത്തിൽ എത്തി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു പന്നിയെപ്പോലും കൊല്ലാൻ കഴിഞ്ഞില്ല.

പന്നികൾ കൂട്ടത്തോടെ അധിവസിക്കുന്ന കേന്ദ്രങ്ങൾ മൈനാഗപ്പള്ളിയിൽ കണ്ടെത്താൻ കഴിയാഞ്ഞതാണ് ശ്രമം പരാജയപ്പെടാൻ കാരണമായതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ പറയുന്നത്. പറമ്പുകളിലോ വീട് പരിസരങ്ങളിലോ ഒറ്റപ്പെട്ട് നിൽക്കുന്ന പന്നികളെ വെടിവയ്ക്കുന്നതിനും പരിമിതികൾ ഉണ്ട്. ഷൂട്ടർമാരെ വീണ്ടും എത്തിക്കുന്നതിനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും മൈനാഗപ്പള്ളിയിൽ കാട്ടുപന്നി ശല്യം തുടരുകയാണ്

കാർഷിക വിപണിയിൽ നിന്നും കർഷകർക്ക് പണം നൽകുന്നില്ലെന്ന് പോലീസിൽ പരാതി

പുത്തൂർ:പുത്തൂർ സ്വാശ്രയ കാർഷിക വിപണിയിൽ നിന്നും കർഷകർക്ക് പണം നൽകുന്നില്ലെന്ന് പോലീസിൽ പരാതി.കുന്നത്തൂർ തോട്ടത്തുംമുറി മേഘാലയത്തിൽ ഭുവന ചന്ദ്രൻ പിള്ളയാണ് പുത്തൂർ പോലീസിൽ പരാതി നൽകിയത്.

നേന്ത്രവാഴ കുലകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ വിപണിയിൽ നൽകിയ ഇനത്തിൽ മുപ്പതിനായിരത്തിൽ അധികം രൂപ ലഭിക്കാനുണ്ടെന്നും,ആഴ്ചകളായി കയറിയിറങ്ങിയിട്ടും പണം നൽകാൻ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.കാർഷിക വിപണിയുടെ കുന്നത്തൂർ ഭൂതക്കുഴിയിൽ പ്രവർത്തിക്കുന്ന ശാഖയിലും ഇതാണ് അവസ്ഥയെന്ന് കർഷകർ പറയുന്നു.നിരവധി കർഷകർക്ക് മാസങ്ങളായി തുക ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

കുന്നത്തൂർ മലനടയിലെ മിനി മാസ്റ് ലൈറ്റ് മിഴിയടച്ചു;റീത്ത് വച്ച് പ്രതിഷേധിച്ച് ബിജെപി

കുന്നത്തൂർ:കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനട ക്ഷേത്രം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന മിനി മാസ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ലെന്ന് പരാതി.ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കത്താതായ മിനി മാസ്റ്റിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആഘോഷപൂർവ്വമാണ് ഉദ്ഘാടനം ചെയ്തത്.

എന്നാൽ ഒരു മാസം തികയും മുൻപേ ലൈറ്റ് മിഴിയടച്ചു.ബിജെപി 75-ാം നമ്പർ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഏരിയ പ്രസിഡന്റ്‌ പട്ടണത്തുവിള മോഹനൻ ഉദ്ഘാടനം ചെയ്തു.ബൂത്ത്‌ പ്രസിഡന്റ്‌ വിശാഖ് കുന്നത്തൂർ അധ്യക്ഷത വഹിച്ചു.ഏരിയ ജനറൽ സെക്രട്ടറി ദിലീപ് മങ്ങാട്ട്,യുവമോർച്ച സംസ്ഥാന സമതി അംഗം രാഹുൽ കുന്നത്തൂർ,അനൂപ് പൊയ്കയിൽ,അനിൽകുമാർ കൊന്നക്കോട്,അനിൽകുമാർ,ശശീന്ദ്രൻ,ശ്രീക്കുട്ടൻ, ആരോമൽ,ഉദയകുമാർ,ശങ്കരപിള്ള,രാധാകൃഷ്ണപിള്ള,വാസുദേവൻപിള്ള എന്നിവർ നേതൃത്വം നൽകി.