അടിമാലി: ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചത് ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സംശയം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും മരിച്ചത്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ പെട്ടെന്ന് അവശനിലയിലായതിനെ തുടര്‍ന്ന് പിതാവ് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ചിതല്‍നാശിനി ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിനുള്ളില്‍ നിന്ന് പൊട്ടിയൊഴുകിയ നിലയില്‍ ചിതല്‍നാശിനി പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ വൈദ്യുതി മുടങ്ങിയ സമയത്താണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലെ ചിമ്മിനിയോട് ചേര്‍ന്നുള്ള തട്ടില്‍ സൂക്ഷിച്ചിരുന്ന ചിതല്‍നാശിനി പൊട്ടിയൊഴുകി തറയില്‍ വീണതാകാമെന്നാണ് കരുതുന്നത്. അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൈകളില്‍ വിഷാംശം പറ്റുകയും അറിയാതെ കൈ വായില്‍ വെച്ചതിലൂടെ വിഷം ഉള്ളില്‍ ചെന്നതാകാമെന്നാണ് സംശയം.
സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇത് കഴുകിക്കളഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
പിന്നീട് ഒരു കുട്ടിക്ക് പാല്‍ നല്‍കുന്നതിനിടെ ഇരുവരും അവശനിലയിലാകുകയായിരുന്നു. ഉടന്‍ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.


























