തിരുവല്ല: മസ്തിഷ്‌കമരണത്തെ തുടര്‍ന്ന് മരണാനന്തര അവയവദാനം നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ രാഹുല്‍ രാജീവിന്റെ വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തി. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ആംബുലന്‍സ് പുറപ്പെട്ടു. റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി 1.37ന് അവയവം പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു.
രാജ്യത്തിന് കാവലൊരുക്കിയ സൈനികന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകും. വെള്ളിയാഴ്ച രാത്രി പത്തിനാണ് രാഹുലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. കൊല്ലം കല്ലുവാതില്‍ക്കല്‍ പാമ്പുറം പടിഞ്ഞാറവിള വീട്ടില്‍ രാജീവിന്റെയും സുനിതയുടെയും മകനാണ് രാഹുല്‍ രാജീവ്.
രാഹുലിന്റെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍, ഹൃദയവാല്‍വ് എന്നിവയാണ് ബന്ധുക്കള്‍ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കി. ഹൃദയവാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്ക് ലഭ്യമാക്കി.
കരള്‍ തിരുവനന്തപുരം കിംസ് ഹെല്‍ത്തിലേക്കും രണ്ട് നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.


























