30.5 C
Kollam
Saturday 12th September, 2026 | 03:51:32 PM
Home News Breaking News സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ മാറ്റം,സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക്...

സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ മാറ്റം,സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്രമായ മാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന കാര്യം പരിഗണനയിലാണ്. മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനൊപ്പം, പുനരുപയോഗിക്കാന്‍ കഴിയാത്ത സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതേസമയം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേന യൂസര്‍ ഫീ ഈടാക്കുന്നത് തുടരുന്നതാണ്.

വീടിന്റെ വലിപ്പമനസുരിച്ച് യൂസര്‍ ഫീ പിരിക്കുന്നതും ആലോചനയിലുണ്ട്. ചെറിയ വീടുള്ളവര്‍ ചെറിയ തുക നല്‍കിയാല്‍ മതി. പുനഃ സംഘടിപ്പിച്ച സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗത്തില്‍ മന്ത്രി കെഎം ഷാജി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ സമഗ്രമായി പഠിക്കാനുംശാസ്ത്രീയവും സുസ്ഥിരവുമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര ചെയര്‍മാനായും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ കണ്‍വീനറായും ഒരു ഉപസമിതി രൂപീകരിച്ചു.

വഴിയരികുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്ക് ഒന്നിന് 5000 രൂപ നിരക്കില്‍ പിഴ ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പിഴത്തുകയ്ക്ക് പുറമേ, ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതാണ്. ഈ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത്തരം തുക തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിപരമായി ഈടാക്കുമെന്നും ഉത്തരവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here