Home Blog Page 710

സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി.സിഎംആർഎൽ എക്‌സാലോ ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള CMRLൻ്റെ ഹരജി ഹൈക്കോടതി തള്ളി. സമൻസ് ലഭിച്ചാൽ, ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ, ഹർജിക്കാർക്ക് നിയമപരമായ ബാധ്യത ഉണ്ടെന്ന ED വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവ്.

1.72 കോടിയുടെ CMRL എക്സാലോജിക് ഇടപാടിലെ ED അന്വേഷണം തടയണമെന്നായിരുന്നു CMRL വാദം. നിലവിൽ SFIO അന്വേഷണവും നടക്കുന്നുണ്ട്. ഒരേ കേസിൽ വ്യത്യസ്ത കേന്ദ്ര ഏജൻസികൾ ഒരേസമയം അന്വേഷിക്കേണ്ടതില്ല എന്നും CMRL കോടതിയെ അറിയിച്ചു. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ല എന്നും CMRL വാദിച്ചു.

എന്നാൽ ഇത്തരം വാദങ്ങളെ പൂർണമായി എതിർത്ത ED, SFIO അന്വേഷണത്തിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ അന്വേഷണമെന്ന് വ്യക്തമാക്കി. സമൻസ് ലഭിച്ചാൽ ഹാജരായി വ്യക്തത വരുത്താൻ ഹർജിക്കാർക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഇഡി മറുപടി നൽകി. പ്രോസിക്യൂഷൻ നടപടികളെ ഭയന്ന് സമൻസിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ED നിലപാടെടുത്തു. ഇതുൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങൾ അംഗീകരിച്ചാണ്, CMRL ആവശ്യം കോടതി തള്ളിയത്.

നിലവിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ താരസംഘടനയുടേത് മാത്രം, മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം. നിലവിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ താരസംഘടനയുടേത് മാത്രമാണെന്ന് സിനിമ മന്ത്രി പി സി വിഷ്ണുനാഥ്. സർക്കാർ തലത്തിലേക്ക് പരാതി ആയി ഇത് എത്തിയിട്ടില്ല, എന്നാൽ ഈ പ്രശ്നങ്ങളൊക്കെ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ സമയത്ത് ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.

സിനിമ മേഖലയിലെ തൊഴിലിടത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള പ്രശ്നങ്ങൾ ഗൗരവമുള്ളതാണെന്നും, ഇത് പരിശോധിച്ച് ഗവൺമെന്റ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു . സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്. ഈ മാസം 29 വരെ കേരളം, മാഹി, ലക്ഷ്യദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

കൂടാതെ, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെയും കന്യാകുമാരിയിലെയും തീരങ്ങളിൽ നാളെ രാവിലെ 5.30 മുതൽ ഈ മാസം 28 രാത്രി 11.30 വരെ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

എ വിജയരാഘവൻ ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു,സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം

മലപ്പുറം.സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം. എ വിജയരാഘവൻ
ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു വിമർശനം. പിണറായിക്കും എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനും എതിരെയും രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്


സിപിഎം പൊളിറ്റ് ബ്യൂറോ എ വിജയരാഘവനെതിരെയാണ് രൂക്ഷവിമർശനം ഉണ്ടായത്. ലീഗിന് വേണ്ടി ദുർബലരായ സ്ഥാനാർഥികളെ നിർത്തി കൊടുത്ത് ലീഗുമായി എ വിജയരാഘവൻ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു വിമർശനം. എ വിജയരാഘവൻ ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ അതിരുവിട്ട വിമർശനങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ അകറ്റി. ഈ പ്രസ്താവനകൾ ലീഗിന് അനുകൂല സാഹചര്യം സൃഷിടിച്ചുവെന്നും വിമർശനമുയർന്നു.
സിപിഐയുടെ സീറ്റായ
തിരൂരങ്ങാടിയിൽ ലീഗ് നേതാവ് അബ്‍ദുറഹ്മാൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കാൻ വിജയരാഘവൻ ശ്രമിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നികൃഷ്ട ജീവി മുതൽ പിണറായി പറഞ്ഞതിൽ വിവാദമായ പദങ്ങൾ എല്ലാം എക്സിക്യൂട്ടീവ് യോഗത്തിൽ എണ്ണി എണ്ണി പറഞ്ഞായിരുന്നു ഒരംഗത്തിന്റെ വിമർശനം. ബിനോയ് വിശ്വം നിലപാട് ശക്തമായി പറയുന്നില്ലന്ന വിമർശനവുമുണ്ടായി.
സാമുദായിക പ്രീണനം നടത്താൻ
തരാതരം നിലപാട് മാറ്റുന്നത് എല്ലാ വിഭാഗത്തെയും ശത്രുക്കളാക്കി എന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു

ജയിലിലാവില്ല, മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ  പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പേര്‍ക്കാണ് ജാമ്യം. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യം സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിഗണിച്ച് സെഷന്‍സ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. 8 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാന്‍ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി കെ പത്മനാഭന്‍ ഹാജരായി.

ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവാരാണ് ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍. സാജ് നിവാസില്‍ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത് (31), പാലയോടുമുട്ടില്‍ കെ. അഖില്‍ (31), തെരൂര്‍ സാജ് നിവാസില്‍ കെ. സഞ്ജയ് (29), രജത് നിവാസില്‍ കെ. രജത് (30), എളമ്പാറ കമ്മാനം കാട്ടൂര്‍ ഹൗസില്‍ കെ.വി. സംഗീത് (30), മട്ടന്നൂര്‍ കിളിയങ്ങാട് മേറ്റടി പുതിയവീട്ടില്‍ പി.കെ. അഭിനാഷ് (27) എടയന്നൂര്‍ പാലയോട് തെരൂര്‍ കുട്ടിക്കുന്ന് നിലാവ് ഹൗസില്‍ സി. നിജില്‍ (35), എളമ്പാറ അഭിനന്ദനം ഹൗസില്‍ കെ.പി. പ്രശാന്ത് (56), പാലയോട് തെരൂര്‍ പാലത്താന്‍കുന്ന് എ.പി. സിനീഷ് (37) മുട്ടില്‍ ഹൗസില്‍ എ.കെ. സുബീന്‍ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസില്‍ വി. പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോ​ഗ്യത നേടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്.

സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്‌സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. 30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.

വിജയശതമാനം ഏറ്റവും കുടുതല്‍ ഇടുക്കിയും കുറവ് കാസര്‍കോടുമാണ്. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 76 എണ്ണമാണ്. ഇതില്‍ ഒന്‍പത് എണ്ണം സര്‍ക്കാര്‍ സ്‌കൂള്‍ ആണ്. 30 അണ്‍ എയ്ഡഡ് സ്‌കൂളും ഉള്‍പ്പെടുന്നു. 50 പെണ്‍കുട്ടികള്‍ക്കും 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in

മൊബൈൽആപ്പുകൾ: SAPHALAM 2026, iExaMS-Kerala

നവകേരള ‘രക്ഷാപ്രവര്‍ത്തനം’,അഞ്ചു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുമ്പോഴും പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍, അന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അകമ്പടി സേവിച്ചിരുന്ന എസ്‌കോര്‍ട്ട് സംഘത്തില്‍ ഉണ്ടായിരുന്ന സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനവുമായി’ ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രത്യേക അന്വേഷണസംഘം ഇ-മെയിലായി കൈമാറിയ റിപ്പോര്‍ട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍െപ്പടെയുള്ളവര്‍ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഷേധക്കാരെ ലോക്കല്‍ പൊലീസ് മാറ്റിയിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു. ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതിനാല്‍ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരക്ഷയൊരുക്കി മുന്നോട്ടുപോവേണ്ട ഉദ്യോഗസ്ഥര്‍ വിഐപി വാഹനം കടന്നുപോയ ശേഷം, വാഹനം നിര്‍ത്തിയിറങ്ങി പ്രതിഷേധക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നും പറയുന്നു.

ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു,കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി വീട്ടുകാർക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. യുവതിയേയും കുഞ്ഞിനേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മമ്മൂക്ക ഇനി ഡോ. മമ്മൂട്ടി

പ്രിയ നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് . ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്രവും സമാനതകളില്ലാത്തതുമായ സംഭാവനകൾ മുൻനിർത്തിയാണ് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി ലിറ്റ്) ബഹുമതി അദ്ദേഹത്തിന് ലഭിച്ചത്.

അഭിനയത്തിലെ പക്വതയും കഥാപാത്രങ്ങളോടുള്ള സമർപ്പണവും കൊണ്ട് തലമുറകളെ തന്നെ ഏറെ സ്വാധീനിച്ച കലാകാരനാണ്  മമ്മൂട്ടി.

വാസ്തവത്തിൽ, ഓരോ കാലഘട്ടത്തിലും സ്വയം നവീകരിക്കാൻ ശ്രമിച്ചു കൊണ്ട് സിനിമയെന്ന തന്റെ മേഖലയെ തന്നെ ഇന്നും അതേ ആവേശത്തോടെ സമീപിക്കുന്ന അദ്ദേഹത്തിന്റെ യാത്ര തന്നെ അതുല്യമാണ്. നമ്മളെല്ലാം കണ്ട് പഠിക്കേണ്ട, പ്രചോദനം ഉൾക്കൊള്ളേണ്ട ഒന്നാണ്. അതിനാൽ അദ്ദേഹം ഈ ബഹുമതി അർഹിക്കുന്നു. മാത്രമല്ല, ഈ ബഹുമതി അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടം മാത്രമല്ല; മലയാള സിനിമയ്ക്കും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടിയാണ്.

കടമ്പനാട് വാഴപ്പള്ളിൽ പടിഞ്ഞാറ്റേതിൽ ഗീവർഗ്ഗീസ് രാജു നിര്യാതനായി

കടമ്പനാട് : വാഴപ്പള്ളിൽ പടിഞ്ഞാറ്റേതിൽ. തേവലക്കര അരവ് ചിറക്കര മേലയിൽ കുടുംബ അഗം ഗീവർഗ്ഗീസ് രാജു (64)
Ex-Army നിര്യാതനായി. സംസ്കാരം പിന്നീട്.