Home Blog Page 277

നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം .മണർകാടിൽ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശി ശ്രീദേവി മനോജാണ് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിയോടെ മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു സഹോദരനൊപ്പം വരികയായിരുന്നു യുവതി. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളം കയറില്ലെന്ന് കഴിഞ്ഞ സർക്കാർ അവകാശപ്പെട്ട റോഡിന്‍റെ അവസ്ഥ,ആലപ്പുഴ – ചങ്ങനാശേരി റോഡിനെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി

ആലപ്പുഴ.വെള്ളം കയറി വിവാദമായ ആലപ്പുഴ – ചങ്ങനാശേരി റോഡിനെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടുന്ന മുറക്ക് തുടർനടപടികൾ ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. വെള്ളപ്പൊക്കത്തിലും വെള്ളം കയറില്ലെന്ന് കഴിഞ്ഞ സർക്കാർ അവകാശപ്പെട്ട റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചതോടെയാണ് പരാതി ഉയർന്നത്. റോഡ് നിർമാണത്തെ ചൊല്ലി രാഷ്ട്രീയ പോരും രൂക്ഷമായി തുടരുകയാണ്

വെള്ളം കയറില്ലെന്ന് അവകാശപ്പെട്ടുണ്ടാക്കിയ എസി റോഡിൽ ഇത്തവണയും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെയാണ് രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും ഉയർന്നത്.
750 കോടിയിലധികം രൂപ ചെലവഴിച്ചു നിർമിച്ചിട്ടും പ്രളയത്തെ പ്രതിരോധിക്കാൻ കഴിയാത്തത് കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്നാണ് പ്രധാന ആരോപണം. നിർമാണത്തിൽ അപാകതയെന്ന് റെജി ചെറിയാൻ MLA ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ പദ്ധതിക്ക് മാറ്റിവെച്ച 1000 കോടിയിൽ നിന്ന് മുൻ സർക്കാർ 350 കോടി വെട്ടികുറച്ചെന്നാരോപിച്ചു
മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ ജി. സുധാകരൻ കൂടി രംഗത്തെത്തിയതോടെ രാഷ്ട്രീയ പോരിന് ചൂട് പിടിച്ചു. വിഷയത്തിൽ വകുപ്പ് മന്ത്രി പി കെ ബഷീറിന്റെ പ്രതികരണം ഇങ്ങനെ

റോഡ് നിർമാണത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി. പ്രശ്നത്തിലെ രാഷ്ട്രീയമാനം തൊടാതിരുന്ന മന്ത്രി കൂടുതൽ പ്രതികരണം പരിശോധന പൂർത്തിയാക്കിയ ശേഷമെന്നും അറിയിച്ചു. 24 കിലോമീറ്ററോളം നീളമുള്ള റോഡിൽ എ.സി. കോളനി, പൂവം, ഒന്നാംകര, പാറക്കൽ, കിടങ്ങറ ഈസ്റ്റ് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഈയിടങ്ങളിൽ വെള്ളം ഇറങ്ങി പൂർവ സ്ഥിതിയിലായ ശേഷമാകും പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികൾ പരിഗണിച്ചു അന്വേഷണം തുടങ്ങുക..

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം വീണ്ടും പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹിf.പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം വീണ്ടും പുറത്തിറക്കി കേന്ദ്ര സർക്കാർ. ആറ് സംസ്ഥാനങ്ങളിലായി 56,825 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമെന്നാണ് നിർദേശം. ഇതിൽ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശം 9,993 കിലോമീറ്ററാണ്. കൃഷിയെയും ജനവാസത്തെയും ബാധിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ഖനനം, ക്വാറി, വൻകിട നിർമാണം എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. എന്നാൽ വിജ്ഞാപനത്തിൽ കേരളത്തിൻറെ മാപ്പ് ഉൾപ്പെടുത്താത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വർഷങ്ങളായി ചർച്ച ചെയ്യുന്ന പശ്ചിമഘട്ട ESA വിഷയത്തിലാണ് കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനം. കേരളത്തിൽ നിർദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്റർ ESAയിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. കേരള സർക്കാർ നിർദേശിച്ച 131 വില്ലേജുകളാണ് അതിർത്തികളാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024ലെ കരടിൻറെ ആവർത്തനമായ ഈ വിജ്ഞാപനത്തിലും കേരളത്തിൻറെ ഇ എസ് എ മാപ്പ് ഉൾപ്പെടുത്തിയിട്ടില്ല.

ESA മേഖലയിൽ പുതിയ ഖനനം, ക്വാറി, മണൽഖനനം എന്നിവ പൂർണമായി നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങൾക്കും വലിയ ടൗൺഷിപ്പ്, വൻകിട നിർമാണ പദ്ധതികൾക്കും നിയന്ത്രണമുണ്ടാകും. നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വിലക്കില്ല. അതേസമയം കൃഷി, പ്ലാന്റേഷൻ, നിലവിലെ ജനവാസം എന്നിവയെ ബാധിക്കില്ല. അനുമതി ആവശ്യമായ പദ്ധതികൾ പരിസ്ഥിതി ചട്ടങ്ങളും ഗ്രാമസഭയുടെ സമ്മതവും പാലിച്ചാകും പരിഗണിക്കുക. നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ് ഗസറ്റിൽ പറയുന്നു.
അന്തിമ വിജ്ഞാപനത്തിന് മുമ്പുള്ള 60 ദിവസം ഇനി നിർണായകമാണ്. സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം പുറത്തുവരുക.

ജനീഷ്കുമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു പി സി വിഷ്ണുനാഥ്,മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മന്ത്രി – എംഎൽഎ പോര്

പത്തനംതിട്ട. മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മന്ത്രി – എംഎൽഎ പോര്. പത്തനംതിട്ടയിൽ മന്ത്രി പി
സി വിഷ്ണുനാഥിൻ്റെ ഇടപെടൽ ഉണ്ടായില്ലെന്ന കെ യു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് പിസി വിഷ്ണുനാഥിൻ്റെ മറുപടി. കെ യു ജനീഷ്കുമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു, എംഎൽഎ ക്കൊപ്പമാണ് താൻ കോന്നിയിലെ ക്യാമ്പ് സന്ദർശിച്ചതെന്നും മന്ത്രിയുടെ മറുപടി.

കോന്നി മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ് എത്തിയില്ലെന്നാണ് കോന്നി എംഎൽഎ കെ.യു ജനീഷ്കുമാറിൻ്റെ ആരോപണം. ക്യാമ്പുകളിൽ ദുരവസ്ഥയെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാളിയെന്നും എംഎൽഎ യുടെ വിമർശനം. അതെ സമയം എംഎൽഎ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രിയുടെ മറുപടി. എം.എൽ.എയുമായി ഒരുമിച്ച് കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിട്ടുണ്ട്.
താൻ ജനീഷ്കുമാറിനെ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകൾ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്നും മന്ത്രി. എംഎൽഎ ക്കൊപ്പം കാമ്പിലെത്തിയ ചിത്രവും പി സി വിഷ്ണുനാഥ് പുറത്ത് വിട്ടു.

മന്ത്രിയുടെ വിശദീകരണത്തിന് മറുപടിയുമായി വീണ്ടും ജനീഷ്കുമാർ എംഎൽഎ രംഗത്തെത്തി. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല, മന്ത്രി ഇപ്പോഴും ദുരന്തമുഖത്ത് എത്തിയിട്ടില്ലെന്നും വികാരാധീനനായി എംഎൽഎ.

ദുരന്തമുഖത്ത് പരസ്പരം പഴിചാരി ആരോപണ പ്രത്യാരോപണം കടുപ്പിക്കുകയാണ് മന്ത്രിയും എംഎൽഎ യും.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്‌വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്. ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത്.

മഞ്ചേരിയിൽ 95 ഗ്രാം എം.ഡി.എം.എയുമായി 6 പേർ പിടിയിൽ

മലപ്പുറം. മഞ്ചേരിയിൽ 95 ഗ്രാം എം.ഡി.എം.എയുമായി 6 പേർ പിടിയിൽ

ഇവരിൽ നിന്ന് 3.80 ലക്ഷം രൂപയും പിടികൂടി. മഞ്ചേരി-കോഴിക്കോട് സംസ്ഥാന പാതയോട് ചേർന്ന സ്വകാര്യ മാളിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് 6 പേരെയും മഞ്ചേരി പോലീസും, ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. പാങ്ങ് സൗത്ത് സ്വദേശി മുഹമ്മദ് മിറാഷ് എം , ഈസ്റ്റ്‌ കോഡൂർ സ്വദേശി മുഹമ്മദ് ആഷിഫ് പി.കെ ആനക്കയം സ്വദേശി മുഹമ്മദ് ഫാസിൽ ടി.കെ,ആനക്കയം സ്വദേശി മുഹമ്മദ് റിഷാദ് പി.എം , വെങ്ങാട് സ്വദേശി മുഹമ്മദ് ഫായിസ് കെ, മങ്കട സ്വദേശി ഹാദിൽ മുബാറഖ് എന്നിവരാണ് പിടിയിലായ പ്രതികൾ.

എട്ട് ദിവസം കഴിഞ്ഞിട്ടും ഷിജിനെ കണ്ടെത്താനായില്ല; അവഗണനയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ സമരം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ്‌ സ്വദേശി ഷിജിനെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി കുടുംബം. ഭാര്യ സ്റ്റിജിയും മക്കൾ നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും ഉൾപ്പെടെ കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എബ്രിന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവനെ എത്രയുംവേഗം കണ്ടെത്തിത്തരണമെന്ന് അലമുറയിട്ട് കരഞ്ഞ് ഷിജിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ഇടവക വികാരിയുടെ നേതൃത്വത്തിൽ കോസ്റ്റൽ പോലീസുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

സർക്കാർ എന്താണ് ചെയ്യുന്നത്? മത്സ്യത്തൊഴിലാളിയുടെ ജീവന് വിലയില്ലേ? ഞങ്ങളുടെ മകനെ കണ്ടെത്തി തരണം. ഏത് തരത്തിലുള്ള അവസ്ഥയിലാണെങ്കിലും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. എത്ര നാൾ ഞങ്ങൾ കാത്തിരിക്കണം? ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അതേസമയം പരിശോധന നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് ഇപ്പോഴും മറപടി നൽകുന്നത്.

മുതലപ്പൊഴിയിൽ വെള്ളി രാത്രി ഒമ്പതോടെയാണ് കൂറ്റൻ തിരയിലും കാറ്റിലും പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസിന്റെ വള്ളത്തിലാണ് ഇവർ പോയിരുന്നത്. ഷിജിനും ഫ്രീമോനും സ്മിത്തും ബോട്ടുടമ ജോസുമാണ് വെള്ളി വൈകിട്ട് മൂന്നരയോടെ മീൻപിടിക്കാൻ പുറംകടലിൽ പോയത്. രക്ഷപ്പെട്ടത്‌ അഞ്ചുതെങ്ങ് സ്വദേശികളായ
ജോസും സ്മിത്തുംമാത്രം. രാത്രി ഒമ്പതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴാണ്‌ തിരയിൽപ്പെട്ടത്. അവിടെയുണ്ടായിരുന്ന കോസ്റ്റൽ പൊലീസ് രണ്ട് ലൈഫ്ബോയ നൽകി മത്സ്യത്തൊഴിലാളികളോടുതന്നെ രക്ഷാപ്രവർത്തനം നടത്താൻ പറയുകയായിരുന്നു.

തിരച്ചിൽ നടത്താൻ മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽച്ചെന്ന് ആവശ്യപ്പെട്ടപ്പോൾ അവർ “ഞങ്ങൾ എന്ത് ചെയ്യാൻ ‘ എന്ന് കൈമലർത്തുകയായിരുന്നു. കടലിൽ തിരച്ചിൽ നടത്താനാകുന്ന ലൈഫ് ഗാർഡുകളോ രക്ഷാബോട്ടുകളോ തങ്ങൾക്കില്ലെന്നാണ് കോസ്റ്റൽ പൊലീസിന്റെ ന്യായീകരണം. കനത്ത മഴയും കടലാക്രമണവും വെളിച്ചക്കുറവും കാരണം വെള്ളി രാത്രിയും രക്ഷാപ്രവർത്തനം നടത്തിയില്ല. ‌ശനി രാവിലെയും രക്ഷാപ്രവർത്തനം വൈകിയതോടെ മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെയാണ് ഉച്ചയോടെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും കൊച്ചിയിൽനിന്ന് നാവിക സേനാംഗങ്ങളും എത്തി തിരച്ചിൽ നടത്തിയത്. എന്നാൽ കാലപ്പഴക്കത്തെതുടർന്ന് കോസ്റ്റൽ പൊലീസിന്റെ ജലറാണി ബോട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

മാധ്യമങ്ങൾ ദോഷ്യൈക ദൃക്കുകൾ; കുന്തവും കോലുമായി വരേണ്ട,മാധ്യമങ്ങളെ അപമാനിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊടികളും മുദ്രാവാക്യങ്ങളുമായി സ്വീകരണമേറ്റുവാങ്ങിയ സംഭവത്തിൽ മാധ്യമങ്ങളെ പഴിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. നെ​ഗറ്റീവ് വാർത്തകൾ മാത്രമാണ് നൽകുന്നതെന്ന് പറഞ്ഞ മന്ത്രി, മാധ്യമങ്ങൾ ദോഷ്യൈകദൃക്കുകളായി മാറുകയാണെന്ന് കുറ്റപ്പെടുത്തി. മുഴുവൻ തെറ്റും മാധ്യമങ്ങളുടെ തലയിൽ വെക്കുന്ന രീതിയിലായിരുന്നു ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം.

താൻ പറയുന്ന കാര്യങ്ങൾ അങ്ങോട്ട് കേട്ടാൽ മതിയെന്നും കൂടുതൽ ചോദ്യങ്ങളുമായി കുന്തവും കോലുമായി വരേണ്ടയെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ആശുപത്രിക്കുള്ളിൽ കൊടികളുമായെത്തിയ സംഭവത്തെയും മന്ത്രി ന്യായീകരിച്ചു. കൊടികൾ കെട്ടിയത് നിയമപരമായി തെറ്റാണെന്ന കാര്യം മുരളീധരൻ സമ്മതിച്ചുവെങ്കിലും മഴ പെയ്തതുകൊണ്ടാണ് സംഘടനാപ്രവർത്തകർ ആശുപത്രിക്കുള്ളിൽ പ്രവേശിച്ചതെന്ന് പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങൾ വിവാദങ്ങൾ മാത്രമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് മുരളീധരന്റെ വാദം.

ആശുപത്രികളിൽ കൊടി പിടിച്ചുള്ള പ്രചാരണം അനുവദിക്കില്ലെന്ന കർശന താക്കീത് നിലനിൽക്കുന്നതിനിടെയാണ് നിലപാട് മാറ്റം. ആശുപത്രിക്കുള്ളിൽ പൊതിച്ചോറുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കുറ്റപ്പെടുത്തിയ മന്ത്രിക്ക് പകർച്ചവ്യാധികൾ പടരുന്ന ഈ സമയത്ത് കൊടികളുമായെത്തിയവരെ ന്യായീകരിക്കാൻ നാണമില്ലേയെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

പാട്നയിൽ യുവാവ് അപകടത്തിൽ മരിച്ചു; ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പ് കത്തിച്ചു

പാട്ന:ബീഹാറിലെ
പാട്നയിൽ റോഡ് അപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമാവുകയും, ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പുകൾക്ക് തീയിടുകയും പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പാട്നയിലെ സീറോ മൈൽ പ്രദേശത്താണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ച് തകർത്ത് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

അടൂരിൽ വാഹനാപകടം 10 പേർക്ക് പരിക്ക്

പത്തനംതിട്ട : അടൂർ മിത്രപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. ട്രാവലറെ ഓവർടേക്ക് ചെയ്തുവന്ന കെഎസ്ആർടിസി ബസ് ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.