Home Blog Page 278

മാധ്യമങ്ങൾ ദോഷ്യൈക ദൃക്കുകൾ; കുന്തവും കോലുമായി വരേണ്ട,മാധ്യമങ്ങളെ അപമാനിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊടികളും മുദ്രാവാക്യങ്ങളുമായി സ്വീകരണമേറ്റുവാങ്ങിയ സംഭവത്തിൽ മാധ്യമങ്ങളെ പഴിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. നെ​ഗറ്റീവ് വാർത്തകൾ മാത്രമാണ് നൽകുന്നതെന്ന് പറഞ്ഞ മന്ത്രി, മാധ്യമങ്ങൾ ദോഷ്യൈകദൃക്കുകളായി മാറുകയാണെന്ന് കുറ്റപ്പെടുത്തി. മുഴുവൻ തെറ്റും മാധ്യമങ്ങളുടെ തലയിൽ വെക്കുന്ന രീതിയിലായിരുന്നു ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം.

താൻ പറയുന്ന കാര്യങ്ങൾ അങ്ങോട്ട് കേട്ടാൽ മതിയെന്നും കൂടുതൽ ചോദ്യങ്ങളുമായി കുന്തവും കോലുമായി വരേണ്ടയെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ആശുപത്രിക്കുള്ളിൽ കൊടികളുമായെത്തിയ സംഭവത്തെയും മന്ത്രി ന്യായീകരിച്ചു. കൊടികൾ കെട്ടിയത് നിയമപരമായി തെറ്റാണെന്ന കാര്യം മുരളീധരൻ സമ്മതിച്ചുവെങ്കിലും മഴ പെയ്തതുകൊണ്ടാണ് സംഘടനാപ്രവർത്തകർ ആശുപത്രിക്കുള്ളിൽ പ്രവേശിച്ചതെന്ന് പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങൾ വിവാദങ്ങൾ മാത്രമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് മുരളീധരന്റെ വാദം.

ആശുപത്രികളിൽ കൊടി പിടിച്ചുള്ള പ്രചാരണം അനുവദിക്കില്ലെന്ന കർശന താക്കീത് നിലനിൽക്കുന്നതിനിടെയാണ് നിലപാട് മാറ്റം. ആശുപത്രിക്കുള്ളിൽ പൊതിച്ചോറുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കുറ്റപ്പെടുത്തിയ മന്ത്രിക്ക് പകർച്ചവ്യാധികൾ പടരുന്ന ഈ സമയത്ത് കൊടികളുമായെത്തിയവരെ ന്യായീകരിക്കാൻ നാണമില്ലേയെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

പാട്നയിൽ യുവാവ് അപകടത്തിൽ മരിച്ചു; ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പ് കത്തിച്ചു

പാട്ന:ബീഹാറിലെ
പാട്നയിൽ റോഡ് അപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമാവുകയും, ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പുകൾക്ക് തീയിടുകയും പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പാട്നയിലെ സീറോ മൈൽ പ്രദേശത്താണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ച് തകർത്ത് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

അടൂരിൽ വാഹനാപകടം 10 പേർക്ക് പരിക്ക്

പത്തനംതിട്ട : അടൂർ മിത്രപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. ട്രാവലറെ ഓവർടേക്ക് ചെയ്തുവന്ന കെഎസ്ആർടിസി ബസ് ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.

പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതി സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നു, പിണറായി

തിരുവനന്തപുരം: സഹകരണബാങ്ക് വഴി ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെന്‍ഷന്‍ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതില്‍പ്പടി പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ളവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതല്‍ വേണ്ടതായിട്ടുള്ള ഇവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്. ജനകീയ പെന്‍ഷന്‍ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തരുത്. അത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുത്. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണം. മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കേസുകളുടെ അന്വേഷണത്തിനോ പ്രോസിക്യൂഷനോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ അഡ്മിനായുള്ള സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കൃത്യമായ തെളിവുകളില്ലാതെ ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷങ്ങളാണ് ഇല്ലാതാക്കപ്പെട്ടത്, അര്‍ജുന്‍ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ തെളിവില്ലാതെ 22 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ഒഡിഷ സ്വദേശിയായ അര്‍ജുന്‍ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. കൃത്യമായ തെളിവുകളില്ലാതെ ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷങ്ങളാണ് ഇല്ലാതാക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ കോടതി, ഇയാളെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിനും ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.

2004ല്‍ ഒഡിഷയിലെ കൊറാപ്പുട്ടില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അര്‍ജുന്‍ ജാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. കമല, സോന്‍ബരി, രത്നൈ എന്നിവരാണ് കൊല്ലപ്പെട്ടത്. കേവലം സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇയാളെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഏക ദൃക്സാക്ഷിയുടെ മൊഴി സംശയസ്പദവും വിശ്വസിക്കാന്‍ കഴിയാത്തതുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് അര്‍ജുന്‍ ജാനി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി 3,157 ദിവസം വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന്റെ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി ഹര്‍ജി നിരസിച്ചത്.

വിചാരണക്കോടതി തെളിവുകള്‍ ശരിയായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മൂന്നാംമുറയിലൂടെ ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ വൈകി എന്ന കാരണത്താല്‍ ഹൈക്കോടതി കേസ് തള്ളിയതോടെ, നീതി ലഭിക്കാതെ ഇയാള്‍ക്ക് 10 വര്‍ഷം കൂടി അധികമായി ജയിലില്‍ കഴിയേണ്ടി വന്നു. സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നീതി ഇപ്പോഴും വിദൂരത്താണ് എന്നതിന്റെ തെളിവാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

‘നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരും, ജന്തര്‍മന്തര്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുത്’; സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

ന്യൂഡല്‍ഹി. ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കേസുകള്‍ പിന്‍വലിക്കുന്നത് ഭാവിയിലെ പ്രക്ഷോഭങ്ങള്‍ക്ക് അപകടകരമായ കീഴ്വഴക്കമുണ്ടാക്കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരുമെന്നും കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മനീഷ് കുമാര്‍ സോളങ്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രക്ഷോഭകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാമെന്ന് ഓഗസ്റ്റ് 3-ന് കോടതി വ്യക്തമാക്കിയിരുന്നു. ‘ഇന്നലെ രാജസ്ഥാനില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായി. ഒരു യുവാവ് മരിച്ചു. അതിനാല്‍ ചോദ്യമിതാണ്, രാജ്യതലസ്ഥാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വഴങ്ങുകയാണെങ്കില്‍, രാജസ്ഥാനിലും സര്‍ക്കാര്‍ സമാനമായ കീഴ്വഴക്കം സൃഷ്ടിക്കുമോ? അവിടെയും വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വഴങ്ങി കൊടുക്കേണ്ടി വരും, ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നാളെ ശംഭു അതിര്‍ത്തിയിലുള്ളവര്‍ ട്രാക്ടറുകളുമായി പാര്‍ലമെന്റിലേക്ക് വരുമോ? നാളെ ഷാഹീന്‍ ബാഗില്‍ നിന്നുള്ളവര്‍ പാര്‍ലമെന്റിലേക്ക് വരും. 500 പേര്‍ പാര്‍ലമെന്റില്‍ കടന്നിരുന്നെങ്കില്‍, അവരുടെ കൈയ്യില്‍ നാടന്‍ തോക്കോ നാടന്‍ ബോംബോ ഇല്ലെന്ന് ആര്‍ക്കറിയാം? 500 പേരെ കൈകാര്യം ചെയ്യാനല്ല പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്. അത് കൂടുതല്‍ അത്യാധുനിക സേനയാണ്, അവര്‍ വെടിവെക്കുമായിരുന്നു. അപ്പോള്‍ എന്ത് സംഭവിക്കുമായിരുന്നു?, അഭിഭാഷകന്‍ ചോദിച്ചു.

പൊലീസിനും സുരക്ഷാ സേനയ്ക്കുമെതിരെ അധിക്ഷേപകരമോ അപകീര്‍ത്തികരമോ ആയ ഭാഷ ഉപയോഗിച്ചവരെ കണ്ടെത്താനും അവരെക്കൊണ്ട് കമ്മ്യൂണിറ്റി സര്‍വീസ് ചെയ്യിക്കാനും ഉത്തരവിടണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജിയും പിന്നീട് പരിഗണിക്കും.

വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്, ചെന്നിത്തലയേയും വിരട്ടി അര്‍ജ്ജുന്‍ ആയങ്കി

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥനെതിരായ ഭീഷണിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് അര്‍ജ്ജുന്‍ ആയങ്കി. ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. താനും സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അര്‍ജ്ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെടുന്നു.

അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി എസ് ആദർശിനെ അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടകളെ പൂട്ടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതാണ് അര്‍ജുന്‍ ആയങ്കിയെ ചൊടിപ്പിച്ചത്.

ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യഇടപാടുകാരന്‍ പിടിയില്‍, ഇന്ന് കേരളത്തിൽ എത്തിക്കും

കൊച്ചി. ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യഇടപാടുകാരനെ ഇന്ന് കേരളത്തിൽ എത്തിക്കും.വെസ്റ്റ് ബംഗാളിൽ നിന്ന് പെരുമ്പാവൂർ പോലിസ് പിടികൂടിയ മുർശിദാബാദ് സ്വദേശി അസ്‌ലമിനെയാണ് ഇന്ന് എത്തിക്കുക..3 മാസത്തെ അന്വേഷണത്തിന് ഒടുവിൽ ഇന്നലെയാണ് അസ്ലമിനെ പിടികൂടിയത്.
തടിയിട്ടപറമ്പ് നിന്ന് 51 കിലോ കഞ്ചാവുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്നാണ് അന്വേഷണം അസ്ലമിൽ എത്തിയത്.


കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് എത്തിക്കുന്നതും ചില്ലറ വിൽപ്പന ഉൾപ്പെടെ നിയന്ത്രിക്കുന്നതും അസ്‌ലമും സംഘവുമാണ്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.ഇതിലൂടെ കേരളത്തിൽ ഈ നെറ്റ്‌വർക്കിന്റെ ഭാഗമായി ആരെല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.പെരുമ്പാവൂർ ASP ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കുമരകത്ത് വെള്ളക്കെട്ട്, ആശുപത്രിയിലെത്താൻ വൈകിയവീട്ടമ്മ മരിച്ചു

കോട്ടയം. കുമരകത്ത് വെള്ളക്കെട്ട്, ആശുപത്രിയിലെത്താൻ വൈകി.വീട്ടമ്മ മരിച്ചു.ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരി റോസമ്മയാണ് (71) മരിച്ചത്

ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനു ചുറ്റും വഴികളിലും വെള്ളം കയറിക്കിടന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല.

പിന്നീട് വള്ളത്തിൽ കയറ്റി പ്രധാന റോഡിൽ എത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു