29.4 C
Kollam
Saturday 14th November, 2026 | 02:54:49 PM
Home News International തടവുകാരെ വീട്ടുജോലിക്ക് കൊണ്ടുപോയ മുൻ ജയിലർക്ക് സ്വന്തം ജയിലിൽ റിമാൻഡ്

തടവുകാരെ വീട്ടുജോലിക്ക് കൊണ്ടുപോയ മുൻ ജയിലർക്ക് സ്വന്തം ജയിലിൽ റിമാൻഡ്

Advertisement

അജ്മീർ: കൊലക്കേസ് പ്രതികളായ രണ്ട് വനിതാ തടവുകാരെ ജയിലിൽനിന്ന് സ്വന്തം വീട്ടിലെത്തിച്ച് വീട്ടുജോലിക്ക് ഉപയോഗിച്ചെന്ന കേസിൽ അറസ്റ്റിലായ മുൻ ജയിലർക്ക് ഒടുവിൽ അതേ ജയിലിൽ റിമാൻഡ്. അജ്മീർ സെൻട്രൽ ജയിലിലെ മുൻ ജയിലർ ദിവ്യ ചൗധരിയെയാണ് കോടതി അജ്മീർ സെൻട്രൽ ജയിലിലേക്ക് തന്നെ റിമാൻഡ് ചെയ്തത്.

രണ്ട് മാസത്തിലേറെയായി ഒളിവിലായിരുന്ന ദിവ്യയെ ചൊവ്വാഴ്ച രാത്രി കോട്ടയിലെ അപ്പാർട്ട്മെന്റിൽനിന്നാണ് പൊലീസ് പിടികൂടിയത്. അജ്മീർ പൊലീസിന്റെ സൈബർ സെല്ലിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയിൽ ജീവനക്കാരന്റെ പരാതിയിൽ ഓഗസ്റ്റ് അഞ്ചിനാണ് ദിവ്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കേസിലെ മറ്റൊരു പ്രതിയായ ജയിൽ ഗാർഡ് സോണിയ ചൗധരിയും ഇപ്പോഴും ഒളിവിലാണ്. രണ്ട് തടവുകാരെയും ജയിലിൽനിന്ന് ദിവ്യയുടെ വീട്ടിലെത്തിക്കാൻ സോണിയ സഹായിച്ചെന്നാണ് പൊലീസിന്റെ ആരോപണം. സംഭവത്തിനു പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്ത് ബിക്കാനീർ സെൻട്രൽ ജയിലിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ല.

ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കിരൺ, സന്ന എന്നീ വനിതാ തടവുകാരെ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ദിവ്യ ജയിലിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം കാറിലാണ് ഇവരെ വീട്ടിലെത്തിച്ചത്.

വീട്ടിലെത്തിച്ച തടവുകാരെ ശുചീകരണത്തിനും മറ്റ് വീട്ടുജോലികൾക്കുമായി ഉപയോഗിച്ചെന്നും പൊലീസ് ആരോപിക്കുന്നു. ആവശ്യമായ രേഖകളില്ലാതെ തടവുകാരെ ജയിലിനു പുറത്തേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത ജീവനക്കാരെ ദിവ്യ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പിന്നീട് ദിവ്യയുടെ വീട്ടിൽനിന്ന് രണ്ട് തടവുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.