കോന്നി: കുളത്തുമണ്‍, പോത്തുപാറ, കമ്പകത്തുംപച്ച, തിടി, കള്ളിപ്പാറ, എലിക്കോട് മേഖലയില്‍ മാസങ്ങളായി ഭീതി പടര്‍ത്തിയിരുന്ന കരിമ്പുലി വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടു. ശിവക്ഷേത്രത്തിന് സമീപം ഞണ്ടുപാറ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കരിമ്പുലി അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.45 നാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പഞ്ചായത്തംഗം ജിജ പുഷ്പനും സ്ഥലത്തെത്തി. കൂട്ടില്‍ കെണിയായി വെച്ചിരുന്ന ആടും കരിമ്പുലിയും ഒരുഭാഗത്തു തന്നെയാണ് ഉണ്ടായിരുന്നത്. എന്നാല്‍, ആടിനെ പുലി ഉപദ്രവിച്ചിട്ടില്ല.
വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ എത്തിയതോടെ വനപാലകര്‍ കൂട് മറച്ചു. കോന്നിയില്‍ നിന്നെത്തിയ ആര്‍.ആര്‍.ടിയുടെയും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെയും നേതൃത്വത്തില്‍ രാത്രി 8.30തോടെ കൂട് വാഹനത്തില്‍ കയറ്റി അപ്പര്‍മൂഴിയാര്‍ വനമേഖലയില്‍ തുറന്നുവിടാനായി കൊണ്ടുപോയി. ഏഴ് മാസം മുമ്പാണ് സ്ഥലത്ത് കൂട് സ്ഥാപിച്ചത്. ഇവിടെ സ്ഥിരമായി പുലിയുടെ സാന്നിധ്യം ഉണ്ടാകുകയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും കൊന്നു തിന്നുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ ബസിന്റെ മുന്നില്‍ പുലി എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
കൂട് സ്ഥാപിച്ച ശേഷവും പുലി പശുക്കിടാവിനെയും ആടുകളെയും കൊന്നിട്ടുണ്ട്. അതിനാല്‍ കൂട് സ്ഥലത്തുനിന്ന് മാറ്റേണ്ടെ എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ആദ്യം കൂട് സ്ഥാപിച്ച ഭാഗത്തുനിന്ന് അല്‍പം മാറ്റി വെക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കൂട്ടില്‍ കിടന്ന ആടിനെ പുലി ആക്രമിച്ചു കൊന്ന സംഭവവും ഉണ്ടായി. കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെടുന്ന പ്രദേശമാണിത്.



























