തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി കുടുംബം. ഭാര്യ സ്റ്റിജിയും മക്കൾ നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും ഉൾപ്പെടെ കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എബ്രിന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവനെ എത്രയുംവേഗം കണ്ടെത്തിത്തരണമെന്ന് അലമുറയിട്ട് കരഞ്ഞ് ഷിജിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ഇടവക വികാരിയുടെ നേതൃത്വത്തിൽ കോസ്റ്റൽ പോലീസുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.
സർക്കാർ എന്താണ് ചെയ്യുന്നത്? മത്സ്യത്തൊഴിലാളിയുടെ ജീവന് വിലയില്ലേ? ഞങ്ങളുടെ മകനെ കണ്ടെത്തി തരണം. ഏത് തരത്തിലുള്ള അവസ്ഥയിലാണെങ്കിലും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. എത്ര നാൾ ഞങ്ങൾ കാത്തിരിക്കണം? ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അതേസമയം പരിശോധന നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് ഇപ്പോഴും മറപടി നൽകുന്നത്.
മുതലപ്പൊഴിയിൽ വെള്ളി രാത്രി ഒമ്പതോടെയാണ് കൂറ്റൻ തിരയിലും കാറ്റിലും പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസിന്റെ വള്ളത്തിലാണ് ഇവർ പോയിരുന്നത്. ഷിജിനും ഫ്രീമോനും സ്മിത്തും ബോട്ടുടമ ജോസുമാണ് വെള്ളി വൈകിട്ട് മൂന്നരയോടെ മീൻപിടിക്കാൻ പുറംകടലിൽ പോയത്. രക്ഷപ്പെട്ടത് അഞ്ചുതെങ്ങ് സ്വദേശികളായ
ജോസും സ്മിത്തുംമാത്രം. രാത്രി ഒമ്പതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴാണ് തിരയിൽപ്പെട്ടത്. അവിടെയുണ്ടായിരുന്ന കോസ്റ്റൽ പൊലീസ് രണ്ട് ലൈഫ്ബോയ നൽകി മത്സ്യത്തൊഴിലാളികളോടുതന്നെ രക്ഷാപ്രവർത്തനം നടത്താൻ പറയുകയായിരുന്നു.
തിരച്ചിൽ നടത്താൻ മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽച്ചെന്ന് ആവശ്യപ്പെട്ടപ്പോൾ അവർ “ഞങ്ങൾ എന്ത് ചെയ്യാൻ ‘ എന്ന് കൈമലർത്തുകയായിരുന്നു. കടലിൽ തിരച്ചിൽ നടത്താനാകുന്ന ലൈഫ് ഗാർഡുകളോ രക്ഷാബോട്ടുകളോ തങ്ങൾക്കില്ലെന്നാണ് കോസ്റ്റൽ പൊലീസിന്റെ ന്യായീകരണം. കനത്ത മഴയും കടലാക്രമണവും വെളിച്ചക്കുറവും കാരണം വെള്ളി രാത്രിയും രക്ഷാപ്രവർത്തനം നടത്തിയില്ല. ശനി രാവിലെയും രക്ഷാപ്രവർത്തനം വൈകിയതോടെ മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെയാണ് ഉച്ചയോടെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും കൊച്ചിയിൽനിന്ന് നാവിക സേനാംഗങ്ങളും എത്തി തിരച്ചിൽ നടത്തിയത്. എന്നാൽ കാലപ്പഴക്കത്തെതുടർന്ന് കോസ്റ്റൽ പൊലീസിന്റെ ജലറാണി ബോട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

































