27.6 C
Kollam
Monday 21st September, 2026 | 07:15:03 PM
Home News Breaking News വെള്ളം കയറില്ലെന്ന് കഴിഞ്ഞ സർക്കാർ അവകാശപ്പെട്ട റോഡിന്‍റെ അവസ്ഥ,ആലപ്പുഴ – ചങ്ങനാശേരി റോഡിനെ പറ്റി റിപ്പോർട്ട്...

വെള്ളം കയറില്ലെന്ന് കഴിഞ്ഞ സർക്കാർ അവകാശപ്പെട്ട റോഡിന്‍റെ അവസ്ഥ,ആലപ്പുഴ – ചങ്ങനാശേരി റോഡിനെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി

ആലപ്പുഴ.വെള്ളം കയറി വിവാദമായ ആലപ്പുഴ – ചങ്ങനാശേരി റോഡിനെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടുന്ന മുറക്ക് തുടർനടപടികൾ ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. വെള്ളപ്പൊക്കത്തിലും വെള്ളം കയറില്ലെന്ന് കഴിഞ്ഞ സർക്കാർ അവകാശപ്പെട്ട റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചതോടെയാണ് പരാതി ഉയർന്നത്. റോഡ് നിർമാണത്തെ ചൊല്ലി രാഷ്ട്രീയ പോരും രൂക്ഷമായി തുടരുകയാണ്

വെള്ളം കയറില്ലെന്ന് അവകാശപ്പെട്ടുണ്ടാക്കിയ എസി റോഡിൽ ഇത്തവണയും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെയാണ് രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും ഉയർന്നത്.
750 കോടിയിലധികം രൂപ ചെലവഴിച്ചു നിർമിച്ചിട്ടും പ്രളയത്തെ പ്രതിരോധിക്കാൻ കഴിയാത്തത് കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്നാണ് പ്രധാന ആരോപണം. നിർമാണത്തിൽ അപാകതയെന്ന് റെജി ചെറിയാൻ MLA ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ പദ്ധതിക്ക് മാറ്റിവെച്ച 1000 കോടിയിൽ നിന്ന് മുൻ സർക്കാർ 350 കോടി വെട്ടികുറച്ചെന്നാരോപിച്ചു
മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ ജി. സുധാകരൻ കൂടി രംഗത്തെത്തിയതോടെ രാഷ്ട്രീയ പോരിന് ചൂട് പിടിച്ചു. വിഷയത്തിൽ വകുപ്പ് മന്ത്രി പി കെ ബഷീറിന്റെ പ്രതികരണം ഇങ്ങനെ

റോഡ് നിർമാണത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി. പ്രശ്നത്തിലെ രാഷ്ട്രീയമാനം തൊടാതിരുന്ന മന്ത്രി കൂടുതൽ പ്രതികരണം പരിശോധന പൂർത്തിയാക്കിയ ശേഷമെന്നും അറിയിച്ചു. 24 കിലോമീറ്ററോളം നീളമുള്ള റോഡിൽ എ.സി. കോളനി, പൂവം, ഒന്നാംകര, പാറക്കൽ, കിടങ്ങറ ഈസ്റ്റ് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഈയിടങ്ങളിൽ വെള്ളം ഇറങ്ങി പൂർവ സ്ഥിതിയിലായ ശേഷമാകും പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികൾ പരിഗണിച്ചു അന്വേഷണം തുടങ്ങുക..