ചെന്നൈ: മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകനായി നിയമിച്ചു. 2027-ലെ ഐപിഎല്‍ സീസണിന് മുന്നോടിയായാണ് നിയമനം. സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന് പകരമാണ് സഹീര്‍ എത്തുന്നത്.
2017 ല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ച ശേഷം സഹീര്‍ വിവിധ പരിശീലക, മെന്റര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സായും പിന്നീട് ഗ്ലോബല്‍ ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ച അദ്ദേഹം 2025ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററുമായിരുന്നു.
കളിക്കാരനെന്ന നിലയില്‍ 100 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകള്‍ നേടിയ സഹീര്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലുമായി 610 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
”ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണ്. ചെപ്പോക്കിലെ സൂപ്പര്‍ഫാന്‍സിന്റെ പിന്തുണ ഇതിനെ കൂടുതല്‍ സവിശേഷമാക്കുന്നു. ഈ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്,” സഹീര്‍ പ്രതികരിച്ചു.
യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ സഹീര്‍ പരിചയവും ക്രിക്കറ്റിലെ അറിവും ചെന്നൈയ്ക്ക് ഗുണകരമാകുമെന്ന് ടീം ഉടമ റൂപ ഗുരുനാഥും മാനേജിംഗ് ഡയറക്ടര്‍ കെഎസ് വിശ്വനാഥനും വ്യക്തമാക്കി.




























