Home Blog Page 257

ഏഴ് വയസുകാരി അനുഭവിച്ച യാതന,അധ്യാപകരെത്തിയപ്പോള്‍ കണ്ടത്, പിന്നാലേ പിതാവും രണ്ടാനമ്മയും പിടിയില്‍

തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിക്കുളളില്‍ പൂട്ടിയിടുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീര്‍ (46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിന്‍ഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസമായി കുട്ടി സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്നു അധ്യാപകര്‍ കാരാളിയിലെ വീട്ടിലെത്തിയ നടത്തിയ അന്വേഷണത്തിലാണ് ഏഴ് വയസുകാരി അനുഭവിക്കുന്ന ദുരിതം കണ്ടെത്തിയത്. അധ്യാപകര്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടത്.

പിന്നാലെ അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വലിയതുറ എസ്എച്ച്ഒ അശോക കുമാറിനെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ നുളളിയതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ടായിരുന്നു.

കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ട് പേര്‍ക്കെതിരെയും വലിയതുറ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വളര്‍ത്താന്‍ റെജിമോള്‍ തുടങ്ങിയ സ്ഥാപനം,ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം

കൊച്ചി: ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോള്‍ ആണ് മരിച്ചത്. 52 വയസ്സായിരുന്നു.

വാഴക്കുളം സ്റ്റാര്‍ ചപ്പാത്തിക്കട ഉടമയാണ് റെജിമോള്‍. വില്‍പനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാതെ വന്നതോടെ മകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനില്‍ കൈ കുടുങ്ങി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ റെജിയെ കണ്ടത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ് ജസ്റ്റിന്‍ മരിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വളര്‍ത്താന്‍ റെജിമോള്‍ തുടങ്ങിയ സ്ഥാപനമായിരുന്നു സ്റ്റാര്‍ ചപ്പാത്തി കട. ഭര്‍ത്താവിന്റെ വേര്‍പാടും ദുരിതങ്ങളും മറികടന്ന് ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു അവിചാരിതമായി ദുരന്തം ഉണ്ടായത്.

നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് പോലീസ് പിടിയില്‍

എറണാകുളം പിറവം നഗരസഭ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ക്രിസ്റ്റി ജോണിനും ഭര്‍തൃമാതാവ് ലിസിക്കും കുത്തേറ്റു. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭര്‍തൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നഗരസഭാ കൗണ്‍സിലറായ ക്രിസ്റ്റിയുടെ വീട്ടില്‍ കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ബഹളം ഉണ്ടാവുകയായിരുന്നു. ഭര്‍ത്താവിന്റെ പിതാവായ ജോയി, ലിസിയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. മദ്യലഹരിയിലായിരുന്ന ജോയിയാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറയുന്നു.

പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പിറവം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

എ ആർ റഹ്മാന്റെ മകനും ഗായകനുമായ അമീൻ റഹ്മാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകനും ഗായകനുമായ അമീൻ റഹ്മാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ചെന്നൈ ഗിണ്ടിയിലെ കത്തിപ്പാറ ഫ്ലൈഓവറിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അമീന്റെ കാർ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപം വെച്ച് ഒരു ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തിങ്കളാഴ്ച കോയമ്പേട്ടിൽ നിന്ന് യാത്ര ചെയ്യവേ പുലർച്ചെ 3:30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും നിസ്സാര പരിക്കുകൾ മാത്രമായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കടന്ന കാറുമായി അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വാഗണ്‍ര്‍ കാറിലുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കടലിൽ മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഫറോക്ക് : കടലിൽ മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കക്ദ്വീപ് ഹരിപൂർ ജെലെ പാരാ സ്വദേശി കൻകൽ ദാസ് (52)ആണ് മരിച്ചത്. ബേപ്പൂർ ഹാർബറിൽനിന്ന്‌ മീൻപിടിത്തത്തിനുപോയ മാമന്റെകത്ത് ഫൈജാസിന്റെ ഉടമസ്ഥതയിലുള്ള “അൽ താഹിർ” ബോട്ടിലെ തൊഴിലാളിയായിരുന്നു.

കണ്ണൂരിനും കാസർകോടിനുമിടയിൽ മീൻപിടിത്തത്തിലേർപ്പെട്ടുകൊണ്ടിക്കെ തിങ്കൾ പുലർച്ചെ അഞ്ചോടെ വല വലിച്ചശേഷം ബോട്ടിന്റെ കാബിനകത്ത് കിടന്നയാളെ ആറോടെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടതെന്ന് മറ്റ്‌ തൊഴിലാളികൾ പറഞ്ഞു. ബോട്ടിൽ കന്യാകുമാരി കുളച്ചൽ സ്വദേശി സ്രാങ്ക് ഡേവിഡ് രാജ് ഉൾപ്പെടെ അഞ്ച് തമിഴ്നാട്ടുകാരും മരിച്ചയാൾ ഉൾപ്പെടെ എട്ട്‌ പശ്ചിമ ബംഗാൾ സ്വദേശികളും അഞ്ച് ആന്ധ്രക്കാരും രണ്ട്‌ മലയാളികളുമടക്കം ഇരുപത്‌ പേരുണ്ടായിരുന്നു.

പകൽ രണ്ടിന് ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി വിട്ടുനൽകി.

നിരണം പഞ്ചായത്തിലേക്ക് സി ടി എം ട്രസ്റ്റിന്റെ കരുതലിന്റെ കൈത്താങ്ങ്

ഓച്ചിറ: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം വീട് ഉപേക്ഷിച്ച് മാന്നാർ സെന്റ് പീറ്റേഴ്സ് കാത്തോലിക് ചർച്ച് ക്യാമ്പിൽ കഴിയുന്ന നിരണം നിവാസികളായ 54 കുടുംബങ്ങൾക്ക് ചേന്നല്ലൂർ സിറ്റി എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങാൻ , വസ്ത്രങ്ങൾ കാലികൾക്കുള്ള തീറ്റ അടക്കമുള്ള ഉൽപ്പന്നങ്ങളുമായി ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു അയച്ചു.
മെഹർഖാൻ ചേന്നല്ലൂർ, കെ എസ് പുരം സത്താർ, വർഗീസ് , ഷാജി പന്മന തുടങ്ങിയവർ പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പിൻ്റെ ഓച്ചിറ ഗവ. ഐ.ടി.ഐ പ്രവേശനോത്സവം 2026 സംഘടിപ്പിച്ചു

ഓച്ചിറ: പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് ഗവൺമെന്റ് ഐ.ടി.ഐ (എസ്.സി.ഡി.ഡി) ഓച്ചിറയിൽ ‘പ്രവേശനോത്സവം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ
വാർഡ് മെമ്പർ മുബീന അധ്യക്ഷത വഹിച്ചു.

ട്രെയിനിംഗ് സൂപ്രണ്ടും പ്രിൻസിപ്പലുമായ അനിൽകുമാർ കെ സ്വാഗതം ആശംസിച്ചു.ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .എൻ കൃഷ്ണകുമാർ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന്സൗത്ത് സോൺ റിട്ടയേർഡ് ട്രെയിനിംഗ് ഇൻസ്പെക്ടർ
. സാജു പി. എസ്, മുഖ്യപ്രഭാഷണം നടത്തി. ട്രെയിനിംഗ് ഇൻസ്ട്രക്ടർ അനുമോൻ ആർ , പ്രീ മെട്രിക് ഹോസ്റ്റൽ വാർഡൻ വിനീഷ് വി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


കൊല്ലം കോർപ്പറേഷൻ ഫസ്റ്റ് ഗ്രേഡ് ഓവർസീയറും
പൂർവ്വ വിദ്യാർത്ഥിയുമായ രതീഷ് ആർ ചടങ്ങിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കവെച്ചു. ചടങ്ങിൽ പുതിയതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു.
ട്രെയിനിംഗ് ഇൻസ്ട്രക്ടർ ഷെമീറ എ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം നീട്ടിക്കൊണ്ടുപോകരുതെന്നും പിണറായി

തിരുവനന്തപുരം. കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം നീട്ടിക്കൊണ്ടുപോകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജേഷിന്റെ കുടുംബം അനാഥമാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങളില്‍ നേരത്തെ സംസ്ഥാനം തീരുമാനിച്ച മാതൃകകള്‍ പിന്തുടരണം. അതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതും നല്ലാതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയ്ക്ക് ജോലി നല്‍കുക എന്നത് ഏറ്റവും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കണമെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു. രാജേഷിന്റെ വീട്ടിലെത്തിയ് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജേഷിന്റെ മൃതദേഹത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചത്. അത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അപരന് വേണ്ടി ജീവന്‍ നല്‍കിയ മനുഷ്യനെ എല്ലാം മറന്ന് ആദരിക്കുന്ന സമൂഹമാണ് കേരളീയ സമൂഹം. എന്നാല്‍ നടന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം വളരെ പരിതാപകരമാണ്. കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപ വായ്പ തിരിച്ചടക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങാന്‍ ഉള്‍പ്പെടെയാണ് ഈ വായ്പകള്‍. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. താമസിക്കുന്ന വീടിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. കുടുംബത്തിന് പുതിയൊരു വീട് നിര്‍മിച്ചു നല്‍കാന്‍ തയ്യാറാകണം പിണറായി വിജയന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണിന്റെ വീട്ടിലും പിണറായി സന്ദര്‍ശിച്ചു.

കൊല്ലത്ത് കായലില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

കൊല്ലം: ശക്തികുളങ്ങരയില്‍ ബോട്ടുമാറിക്കയറുന്നതിനിടയില്‍ കാല്‍തെറ്റി കായലില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പാറശാല അജ്ഞലി കോണം ലോട്ടസ് ക്യാബിനില്‍ ക്രിസ്റ്റഫറിന്റെ മകന്‍ കിരണിനെയാണ് (27) കാണാതായത്.
9ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. അരവിള പട്ടം ഐസ് പ്ലാറ്റിനു സമീപം മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ബന്ധിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ‘എഫ് ആന്റ് എഫ്’ എന്ന മത്സ്യബന്ധന ബോട്ടില്‍ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇയാള്‍ വെള്ളത്തിലേക്ക് വീണ ഉടന്‍ ഒപ്പമുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ കായലില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കര്‍ക്കിടക വാവ്; ജില്ലയില്‍ ഗതാഗത നിയന്ത്രണം

കൊല്ലം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം മുതല്‍ ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ബലിതര്‍പ്പണത്തിനായി തിരുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രൈവറ്റ്, കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകള്‍ കൊല്ലം കളക്‌റ്റേറ്റ്-കാങ്കത്തുമുക്ക്-വെള്ളയിട്ടമ്പലം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. ചിന്നക്കടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാങ്കത്ത് മുക്കില്‍ സണ്‍ ബേ ആഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. ചവറ ഭാഗത്തു നിന്നും കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര കവാടത്തിനു വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്‌കൂളിന്റെ ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതുമാണ്. ഈ റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.
തെക്കേ കച്ചേരി-മുണ്ടാലുംമൂട്-വെള്ളയിട്ടമ്പലം റൂട്ടില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതാണ്. ബലിതര്‍പ്പണത്തിനായി ഭക്തജനങ്ങളുമായി വരുന്ന ടൂവീലര്‍, ആട്ടോറിക്ഷാ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം എന്നീ ജംഗ്ഷനുകളില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സെന്‍് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്‌സ്, കൊല്ലം ഗേള്‍സ്, ഠൗണ്‍ യു.പി.എസ്, മുളങ്കാടകം എന്നീ സ്‌കൂള്‍ ഗ്രൗണ്ടുകളിലോ മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലോ പാര്‍ക്കു ചെയ്യേണ്ടതും തിരികെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകേണ്ടതുമാണ്.
യാതോരു കാരണവശാലും ടൂവീലറുകള്‍ക്ക് മുണ്ടാലുംമൂട്-തിരുമുല്ലാവാരം ഭാഗത്തേയ്ക്കും നിയന്ത്രണങ്ങള്‍ പാലിക്കേണ്ട മറ്റ് റോഡുകളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല. നാഷണല്‍ ഹൈവേയുടേയോ മറ്റ് പ്രധാന റോഡുകളുടേയോ വശങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. തിരുവനന്തപുരത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും പരമാവധി ചെറിയ വാഹനങ്ങളും മേവറത്ത് നിന്നും തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതും ആലപ്പുഴ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈപാസ്സ് വഴിയും പോകേണ്ടതാണ്.
തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവു. ആവശ്യമാകുന്ന പക്ഷം പാര്‍ശ്വ റോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തജനങ്ങളും, അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതാണ്.
നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലം യുപിഐ ഇടപാടില്‍ ഉണ്ടാകാവുന്ന കാലതാമസം വഴി ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തജനങ്ങള്‍ക്ക് കാഷ് ഉപയോഗിച്ച് ബലിതര്‍പ്പണത്തിനുള്ള രസീതുകള്‍ കൈപ്പറ്റേണ്ടതാണ്. ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യത്തിനായി പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് പോലീസ് അറിയിച്ചു.