27.7 C
Kollam
Sunday 13th September, 2026 | 08:44:20 PM
Home News Kerala ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വളര്‍ത്താന്‍ റെജിമോള്‍ തുടങ്ങിയ സ്ഥാപനം,ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വളര്‍ത്താന്‍ റെജിമോള്‍ തുടങ്ങിയ സ്ഥാപനം,ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം

കൊച്ചി: ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോള്‍ ആണ് മരിച്ചത്. 52 വയസ്സായിരുന്നു.

വാഴക്കുളം സ്റ്റാര്‍ ചപ്പാത്തിക്കട ഉടമയാണ് റെജിമോള്‍. വില്‍പനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാതെ വന്നതോടെ മകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനില്‍ കൈ കുടുങ്ങി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ റെജിയെ കണ്ടത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ് ജസ്റ്റിന്‍ മരിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വളര്‍ത്താന്‍ റെജിമോള്‍ തുടങ്ങിയ സ്ഥാപനമായിരുന്നു സ്റ്റാര്‍ ചപ്പാത്തി കട. ഭര്‍ത്താവിന്റെ വേര്‍പാടും ദുരിതങ്ങളും മറികടന്ന് ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു അവിചാരിതമായി ദുരന്തം ഉണ്ടായത്.