Home Blog Page 258

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു

കൊച്ചി: പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡിലെ ക്രിസ്റ്റി ജോണിനെ ഭര്‍തൃപിതാവ് ജോയ് ആണ് ആക്രമിച്ചത്. ഭര്‍തൃമാതാവിനും കുത്തേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്നങ്ങളാണ് ആക്രമണണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ജോയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമാതാവിനെ ജോയ് ആക്രമിക്കുന്നത് കണ്ട് ക്രിസ്റ്റി തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

എസ്.ബി.ഐയിൽ 1,538 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ; ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ ബാക്ക്‌ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലായി രാജ്യത്തുടനീളം 1,538 ഒഴിവുകളാണുള്ളത്. ബാങ്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

യോഗ്യതകൾ

അപേക്ഷകർ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികളായിരിക്കണം. 2026 ഏപ്രിൽ ഒന്നിന് 20 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും അപേക്ഷിക്കാൻ അർഹത. 1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവർക്കായിരിക്കും അവസരം. സംവരണ വിഭാഗക്കാർക്ക് എസ്.ബി.ഐ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

പ്രിലിമിനറി പരീക്ഷ: സെപ്റ്റംബറിൽ നടന്നേക്കും. 100 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റായ ഓരോ ഉത്തരത്തിനും നാലിലൊന്ന് മാർക്ക് നെഗറ്റീവ് മാർക്കായി കുറയ്ക്കും. ഇതിൽ ഓരോ സെക്ഷനും പ്രത്യേക മിനിമം മാർക്ക് നിബന്ധന ഉണ്ടായിരിക്കില്ല.
മെയിൻ പരീക്ഷ: ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ നടക്കും.
പ്രാദേശിക ഭാഷാ പരിശോധന: പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് പരിശോധന നിർബന്ധമാണ്.
ശ്രദ്ധിക്കാൻ

ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. ഓൺലൈൻ അപേക്ഷയ്ക്കായി ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. നിലവിലെ 1,538 ഒഴിവുകൾ ബാക്ക്‌ലോഗ് വേക്കൻസികളാണെന്നും റെഗുലർ ജൂനിയർ അസോസിയേറ്റ് ഒഴിവുകൾക്കായി മറ്റൊരു വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാമെന്നും എസ്‌ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ ആർത്തവം വൈകാൻ കാരണമാകുമോ? വിദ​ഗ്ധർ പറയുന്നു

ആർത്തവചക്രത്തെ ബാധിച്ചേക്കാവുന്ന ഒരു ഘടകമാണ് ഇരുമ്പിന്റെ അംശത്തിന്റെ കുറവ്. ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളെയും സഹായിക്കുന്ന അവശ്യ ധാതുവാണ് ഇരുമ്പ് എന്നും അതിന്റെ കുറവ് പ്രത്യുൽപാദന വ്യവസ്ഥയെയും ബാധിക്കാമെന്നും ഫോർട്ടിസ് ലാ ഫെമ്മിലെ ഒബ്‌സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. അനിത ഗുപ്ത പറഞ്ഞു.

Also Read:ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ല, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്ന് നെതന്യാഹു

ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് ആർത്തവചക്രം പ്രധാനപ്പെട്ട സൂചനകൾ നൽകുന്നു. ആർത്തവം വരുന്ന സമയത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ എപ്പോഴും ആശങ്കയ്ക്ക് വക നൽകുന്നില്ലെങ്കിലും, പതിവായുള്ള രീതിയിലോ രക്തസ്രാവത്തിന്റെ അളവിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം.

ആർത്തവചക്രത്തെ ബാധിച്ചേക്കാവുന്ന ഒരു ഘടകമാണ് ഇരുമ്പിന്റെ അംശത്തിന്റെ കുറവ്. ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളെയും സഹായിക്കുന്ന അവശ്യ ധാതുവാണ് ഇരുമ്പ് എന്നും അതിന്റെ കുറവ് പ്രത്യുൽപാദന വ്യവസ്ഥയെയും ബാധിക്കാമെന്നും ഫോർട്ടിസ് ലാ ഫെമ്മിലെ ഒബ്‌സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. അനിത ഗുപ്ത പറഞ്ഞു.

ആർത്തവം പ്രതീക്ഷിച്ചതിലും മൂന്ന് മുതൽ ഏഴ് ദിവസം വരെ വൈകി വരുന്നത് അസാധാരണമല്ല. പൊതുവേ, ഒരു വ്യക്തിയുടെ ആർത്തവചക്രം കൃത്യമായ രീതിയിലാണെങ്കിൽ അത് 21 മുതൽ 35 ദിവസം വരെ നീണ്ടുനിൽക്കാവുന്നതാണ്. എന്നാൽ, ആർത്തവം ഏഴ് മുതൽ 10 ദിവസത്തിലധികം വൈകുകയോ മാസങ്ങളോളം നിലച്ചുപോവുകയോ ചെയ്താൽ അത് അവഗണിക്കരുത്. ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്ന ഘടകങ്ങളിൽ ഒന്നാണ് ഇരുമ്പിന്റെ അംശത്തിലുള്ള കുറവ് (iron deficiency); ചില സന്ദർഭങ്ങളിൽ ഇത് ആർത്തവം വൈകുന്നതിനോ, രക്തസ്രാവം കുറയുന്നതിനോ അല്ലെങ്കിൽ ആർത്തവം തീർത്തും മുടങ്ങുന്നതിനോ കാരണമായേക്കാമെന്ന് ഡോ. അനിത പറഞ്ഞു.

തീവ്രമായതോ ദീർഘകാലം നീണ്ടുനിൽക്കുന്നതോ ആയ ഇരുമ്പിന്റെ അപര്യാപ്തത ആർത്തവചക്രത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമായേക്കാം. ആർത്തവം വൈകുന്നതോ അല്ലെങ്കിൽ തീർത്തും മുടങ്ങുന്നതോ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ആർത്തവം വൈകുന്നതിന് ഇരുമ്പിന്റെ അപര്യാപ്തത മാത്രമാണ് ഏക കാരണമെന്ന് കരുതരുത് എന്നത് പ്രധാനമാണ്. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് വളരെ കുറയുമ്പോൾ ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയും, ഇത് ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ചയ്ക്ക് (iron-deficiency anaemia) കാരണമാവുകയും ചെയ്യുന്നു.

ശരീരത്തിലെ ഇരുമ്പിന്റെ അളവ് വളരെ കുറയുന്നത് പ്രത്യുൽപാദന വ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയേക്കാം. ഡോ. ഗുപ്തയുടെ അഭിപ്രായത്തിൽ, ഇരുമ്പിന്റെ കുറവ് ഹോർമോൺ ഉൽപാദനത്തെ ബാധിക്കുകയും കൃത്യമായ ആർത്തവചക്രത്തിന് ആവശ്യമായ ഹോർമോൺ സന്തുലിതാവസ്ഥയെ തകിടംമറിക്കുകയും ചെയ്തേക്കാം.

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് അണ്ഡോത്പാദനത്തെയും ബാധിച്ചേക്കാം. അണ്ഡോത്പാദനം കൃത്യമായി നടക്കാതിരിക്കുമ്പോൾ ആർത്തവചക്രം ക്രമരഹിതമായേക്കാം. ഇതിൻ്റെ ഫലമായി ആർത്തവചക്രത്തിൻ്റെ ദൈർഘ്യം സാധാരണയിലും കൂടുകയോ, രക്തസ്രാവം കുറയുകയോ, ചില സന്ദർഭങ്ങളിൽ ആർത്തവം മുടങ്ങുകയോ ചെയ്തേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

മറ്റൊന്ന്, ഇരുമ്പിന്റെ കുറവ് ക്രമരഹിതമായതോ തെറ്റിയതോ ആയ ആർത്തവത്തിനും കനത്ത ആർത്തവ രക്തസ്രാവത്തിനും കാരണമാകാം. രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്ന മാറ്റങ്ങളിലൂടെ വിളർച്ച നീണ്ടുനിൽക്കുന്നതോ കനത്തതോ ആയ രക്തസ്രാവത്തിന് കാരണമാകുമെന്ന് ഡോക്ടർ ഗുപ്ത പറയുന്നു.

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ല, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്ന് നെതന്യാഹു

ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Also Read: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും

ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ‍് ട്രംപിനെ പൂർണമായും തള്ളുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച ബെഞ്ചമിൻ നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ആക്രമണം കുറച്ച് ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കി കരാറിലെത്താൻ നിർബന്ധിതരാക്കുകയാണ് പദ്ധതിയെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ പിന്തുണ കാക്കാതെ ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്നാണ് സൂചന. ഇസ്രയേൽ ആക്രമണം തുടരുമെന്ന വാർത്തകൾക്കിടെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഹമ്മദ് ബാഗെർ സോൽഖാദിറിനെ മാറ്റി. സോൽഖാദിറിനെ മൊജ്തബയുടെ രാഷ്ട്രീയ ഉപദേശകനായും നിയമിച്ചു. ഐആർജിസി മുൻ കമാൻഡർ മൊഹ്സിൻ റസായി ആണ് സുരക്ഷാ കൗൺസിലിന്റെ പുതിയ സെക്രട്ടറി.

ഇറാൻ നിർദേശിച്ച ഉപാധികളോടെ ഹോർമുസിൽ പുതിയ കപ്പൽപ്പാത തുറക്കാൻ ഒമാനുമായുള്ള കരാർ അന്തിമ ഘട്ടത്തിലായെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസിൻ്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പൊതുരൂപരേഖയ്ക്കും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അംഗീകാരം നൽകി. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ ആയുധ ശേഖരത്തിൽ വലിയ കുറവ് വന്നതായി നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രസിഡൻ്റ് ട്രംപ് തള്ളിയിരുന്നു.

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ അപേക്ഷയിൽ, പരീക്ഷയുടെ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പി എസ് സി തയ്യാറായിരുന്നില്ല.

Also Read: ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

തുടർന്ന് വിഷയത്തിൽ പി എസ് സിയുടെ നിലപാടിനെതിരെ വിവരാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി എസ് സി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. എന്നാൽ പി എസ് സി സമർപ്പിച്ച ഹർജിയിൽ സാങ്കേതിക പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇവ തിരുത്തി ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ആവശ്യമായ തിരുത്തലുകളോടെ സമർപ്പിക്കുന്ന ഹർജി നാളെ ഹൈക്കോടതിയുടെ സിംഗിൽ ബെഞ്ച് പരിഗണിക്കും. പരീക്ഷാ സുതാര്യതയും രേഖകൾ നൽകുന്നതിലെ നിയമവശങ്ങളും ചൂണ്ടിക്കാട്ടിയാണ് പി എസ് സി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട എട്ട്, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥിനികൾക്കാണ് പാമ്പുകടിയേറ്റത്. ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

Also Read: യുപിഐ ഉപയോക്താക്കളെ തുലയ്ക്കാനാണ് ‘തോല’ എന്ന് ജോൺ ബ്രിട്ടാസ്; ‘കച്ചവടക്കാർക്ക് വരുന്ന അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തും’

തിങ്കളാഴ്ച പുലർച്ചെ ആണ് സംഭവം. ഗഡ്ചിരോളിയിലെ ജപ്തലായ് ഗ്രാമത്തിലുള്ള പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂളിൻ്റെ ഹോസ്റ്റലിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികൾക്കാണ് പാമ്പുകടിയേറ്റത്. കടിയേറ്റതിനെ തുടർന്ന് വിദ്യാർത്ഥിനികൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ, ആദ്യം ഗ്രാമത്തിലെ തന്നെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ മൂന്നു വിദ്യാർത്ഥിനികൾക്ക് മരണം സംഭവിച്ചു. മറ്റ് മൂന്നുപേർ ചികിത്സയിലാണ്. ഇവരുടെ പ്രായം 11നും 14നും ഇടയിലാണ്. ഇതിൽ ഒരാളുടെ നില ആണ് ഗുരുതരമായിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിൻ്റെയും ഗഡ്ചിരോളി പൊലീസിൻ്റെയും സഹായത്തോടെ വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പുരിലെ ജിഎംസി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.

പെൺകുട്ടികളുടെ മരണത്തിന് പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷാകർത്താക്കളും നാട്ടുകാരും രംഗത്തെത്തി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡ, വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. മൂന്ന് വിദ്യാർത്ഥികൾ ചികിത്സയിലാണെന്നും മെഡിക്കൽ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈബൽ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള സംഘം സംഭവസ്ഥലം പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികളുടെ മരണത്തിൽ ഗഡ്ചിരോളി ജില്ലയുടെ ചുമതലയുള്ള മന്ത്രി ആഷിഷ് ജയ്സ്വാൾ ദുഖം രേഖപ്പെടുത്തി.

കേര ഡയമണ്ട് വെളിച്ചെണ്ണയുടെ വില്‍പ്പന നിരോധിച്ചു

കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന കേര ഡയമണ്ട് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചുപരിശോധിച്ച സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന ‘ദാസ് ഓയില്‍ ഇന്‍ഡസ്ട്രീസ്, തയ്യില്‍ ബില്‍ഡിംഗ്, യൂണിറ്റ് നമ്പര്‍ 1/77, പാലക്കാട്’ എന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍മ്മാണ വിലാസം വ്യാജമാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡിലോ അഡ്രസ്സിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിചയമില്ലാത്ത ബ്രാന്‍ഡുകളും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങരുതെന്നും അറിയിപ്പുണ്ട്. പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം.

നിഥിൻ രാജിൻ്റെ ആത്മഹത്യ കേസ്,ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്ത് ,കോടതി സര്‍ക്കാരിനോട്

കൊച്ചി.കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിൻ്റെ ആത്മഹത്യ കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിലാണ് കോടതിയുടെ അതൃപ്തി. ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്ത് എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയാണ് ഹൈക്കോടതിയുടെ പരിഗണിച്ചത്. ഡിവൈഎസ്പിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ, അന്വേഷണം മാത്രം മതിയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഡിവൈഎസ്പിക്കെതിരെ വാക്കാൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സസ്പെൻഡ് ചെയ്യാനാകുമെന്നും സർക്കാർ വിശദീകരിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ സസ്പെൻഷൻ നൽകിയാൽ തീരുമാനം ചോദ്യം ചെയ്യപ്പെടാമെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ നടപടിയെടുക്കുന്നതിൽ എന്തിനാണ് ആശങ്കയെന്ന് കോടതി ചോദിച്ചു. സർക്കാർ ചെയ്യാനുള്ളത് സർക്കാർ ചെയ്യണം എന്നായിരുന്നു കോടതിയുടെ നിലപാട്. ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്നും കോടതി പറഞ്ഞു. അച്ചടക്ക നടപടി എന്താണെന്ന് കോടതിയെ പഠിപ്പിക്കരുത് എന്നും, അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി കോടതിക്കറിയാമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയും സുപ്രീംകോടതിയും സെഷൻസ് കോടതിയും മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലെ വീഴ്ച കാരണം, വെറുതെ വിടുന്നതിലേക്ക് നയിച്ചതിനാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബിജെപിയെ പ്രതിരോധതിലാക്കി കൊർ കമ്മറ്റിയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം.തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബിജെപിയെ പ്രതിരോധതിലാക്കി കൊർ കമ്മറ്റിയിൽ രൂക്ഷ വിമർശനം . തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി വേണമെന്ന് വി മുരളീധരൻ. ജനറൽ സെക്രട്ടറി സ്ഥാനത്ത് സുരേഷിനെ മാറ്റണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.എല്ലാവരും ചേർന്ന് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയെന്ന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നശേഷം ആദ്യമായിട്ടാണ് ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നത്. വി മുരളീധരൻ വിഭാഗം രൂക്ഷമായി വിമർശനം ഉന്നയിച്ചു.ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ എസ് സുരേഷിന് ഒഴിഞ്ഞു മാറാൻ കഴിയില്ലന്നും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയണമെന്നും വി മുരളീധരൻ പക്ഷം ആവശ്യപെട്ടു.വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയുടെ പരാതിയിൽ നേതൃത്വം നടപടി എടുത്തില്ലെന്ന് വിമർശനം ഉയർന്നു. ഫണ്ട് തട്ടിപ്പിൽ വ്യക്തമായ തെളിവുണ്ടായിട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് സോമനെ സംരക്ഷിച്ചത് ലജ്ജാകരം .

തൃശ്ശൂരിൽ 25 കോടി രൂപ തട്ടിപ്പ് നടത്തി എന്നായിരുന്നു പുറത്തുവന്ന വിവരം. ഈ കോടികൾ എങ്ങോട്ട് മാറ്റിയെന്നറിയണമെന്ന് ബി ഗോപാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പാർട്ടി ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ഫണ്ട് തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കണം എന്നും ഒരുപക്ഷം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് എതിരെ ഉണ്ടായ ആരോപണങ്ങൾ തന്നെ ആരും സംരക്ഷിച്ചിട്ടില്ല എന്നാണ് സോമൻ കോർ കമ്മിറ്റിയിൽ വ്യക്തമാക്കിയത് . ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ പാർട്ടിക്ക് വലിയ രീതിയിൽ ക്ഷീണം ഉണ്ടാക്കി ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും യോഗത്തിൽ മറുപടിയായി അറിയിച്ചു

യുപിഐ ഉപയോക്താക്കളെ തുലയ്ക്കാനാണ് ‘തോല’ എന്ന് ജോൺ ബ്രിട്ടാസ്; ‘കച്ചവടക്കാർക്ക് വരുന്ന അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തും’

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍റിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ തുലയ്ക്കാൻ വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ (‘തോല’) വ്യവസ്ഥകൾക്കെതിരെയാണ് താൻ സഭയിൽ സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Also Read: ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്, മുമ്പ് നിശ്ചയിച്ചതുപോലെ നടക്കും

2026-ലെ കേന്ദ്ര ബജറ്റ് പരിപൂർണ്ണ പരാജയമായതിനെ തുടർന്നാണ് ജൂൺ അഞ്ചിന് ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പിന്മാറിയ വിദേശ നിക്ഷേപകർക്ക് ഡിവിഡന്‍റിൽ ഇളവ് നൽകി അവരെ തിരികെ കൊണ്ടു വരികയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അതിനായി ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഓർഡിനൻസ് നടപ്പിലാക്കി. എന്നാൽ ഇപ്പോൾ ഈ ഓർഡിനൻസ് നിയമമാക്കാൻ ബില്ല് കൊണ്ടുവന്നപ്പോൾ, ഓർഡിനൻസിൽ ഇല്ലാതിരുന്ന മറ്റ് പല നികുതി നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി പാർലമെന്‍റിനെയും രാജ്യത്തെയും സർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുപിഐ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് ‘മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്’ വഴി അധിക നികുതി ഈടാക്കാനാണ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും കച്ചവടക്കാരെ മാത്രമേ ബാധിക്കൂ എന്നുമുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കച്ചവടക്കാർക്ക് മേൽ വരുന്ന ഏതൊരു സാമ്പത്തിക ഭാരവും ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് തന്നെയാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. രാജ്യത്ത് നിലവിൽ 54 കോടിയോളം ആളുകൾ യുപിഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

“യുപിഐ സംവിധാനത്തിന്മേൽ ഞങ്ങൾ യാതൊരുവിധ ചാർജും ചുമത്തില്ല, ഇത് ജനങ്ങൾക്ക് ഒരു ഭാരമാകില്ലെന്നാണ് മുൻപ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഡിജിറ്റൽ ഇടപാടുകളുടെ ഭാഗമായി മാറിയ പാവപ്പെട്ട ജനങ്ങളുടെ മേൽ പരോക്ഷമായി നികുതി ചുമത്താനാണ് സർക്കാർ ശ്രമിക്കുന്നത്” എന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രി രാജ്യത്തിന്മേൽ വലിയൊരു സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്നും ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.