Home News Breaking News ഉമ്മന്‍ചാണ്ടിയുടെ മാനസപുത്രന്‍, വിഷ്ണുനാഥ് മന്ത്രിപദത്തിലേറുമ്പോള്‍ ആഹ്ളാദത്തില്‍ കൊല്ലം

ഉമ്മന്‍ചാണ്ടിയുടെ മാനസപുത്രന്‍, വിഷ്ണുനാഥ് മന്ത്രിപദത്തിലേറുമ്പോള്‍ ആഹ്ളാദത്തില്‍ കൊല്ലം

ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തുനിന്നും രാഷ്ട്രീയത്തില്‍ ശുദ്ധതയോടെയും തെളിമയോടെയും വളര്‍ന്നുവന്ന വിദ്യാര്‍ഥിനേതാവിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കണ്ടെത്തി യുവ നേതാവായി കൈപിടിച്ചുയര്‍ത്തിയത്. പി സി വിഷ്ണുനാഥ് എന്ന നേതാവിന്‍റെ ഉദയം അവിടെയായിരുന്നു. രാഷ്ട്രീയ ഗുരുകുല വിദ്യാഭ്യാസം നേടിയത് ഉമ്മന്‍ ചാണ്ടിയുടെ സ്കൂളിലാണെന്നത് എക്കാലത്തും വിഷ്ണുനാഥിന് മെരിറ്റായി മാറി. ഇത്തവണ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎല്‍എയ്ക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചത്.

ശാസ്താംകോട്ട ഡി ബി കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ വളര്‍ച്ച പോരാട്ടങ്ങളുടേത് കൂടിയാണ്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയില്‍ പിസി ഉണ്ടായിരുന്നു. 2006ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. അതേവര്‍ഷം തന്നെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി. 2011ലും വിജയം ആവര്‍ത്തിച്ചു. നര്‍മ്മം കലര്‍ന്ന വാക്ചാതുര്യം സഭാതലത്തിലും മൂര്‍ച്ചയുള്ള ആയുധമായി. രാഷ്ട്രീയ ഡിബേറ്റുകളില്‍ എതിരാളിയുടെ ആക്ഷേപങ്ങളുടെ മുന ഒടിക്കാന്‍ തക്ക വിജ്ഞാനത്തിന്‍റെ ആവനാഴിയുമായാണ് വിഷ്ണു എത്തുന്നതെന്നത് രാഷ്ട്രീയകേരളം ശ്രദ്ധിച്ചു. ഉമ്മന്‍ചാണ്ടിക്കുനേരെ ആക്ഷേപങ്ങളുടെ ശരമാരി പെയ്തപ്പോള്‍ പ്രതിരോധം തീര്‍ത്ത പോരാട്ട വീര്യം ഗുരുനാഥന് പലപ്പോഴും മികച്ച കവചമായി.

2016ല്‍ പരാജയപ്പെട്ടെങ്കിലും സംഘടന രംഗത്ത് വിഷ്ണുനാഥിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണാടക, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചു. ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മയെ കുണ്ടറ മണ്ഡലത്തില്‍ തോല്‍പ്പിച്ച് പി സി വിഷ്ണുനാഥ് വമ്പന്‍ തിരിച്ചുവരവ് നടത്തി. ഇക്കുറിയും വന്‍ ഭൂരിപക്ഷത്തിലാണ് വിജയം ആവര്‍ത്തിച്ചത്. ജല അതോറിറ്റി ജീവനക്കാരനായിരുന്ന പരേതനായ ചെല്ലപ്പന്‍ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ് ഇപ്പോള്‍ കൊല്ലം പുത്തൂര്‍ മാവടി സ്വദേശിയായ പി സി വിഷ്ണുനാഥ്. കന്നഡ കവയിത്രി കനകഹാമ ആണ് ഭാര്യ. അന്നപൂര്‍ണ്ണേശ്വരി ദേവിയാണ് മകള്‍.

വിഷ്ണുനാഥിന്റേത് പ്രണയ വിവാഹമായിരുന്നു. 2005 മാര്‍ച്ച് 12-ന് കനകഹാമ ഗുജറാത്തിലെ ആനന്ദിലായിരുന്ന സമയം അവിടെ രാഷ്ട്രീയ പഠനാര്‍ഥം എത്തിയ വിഷ്ണുവുമായി മൊട്ടിട്ട പ്രണയമാണ് ജീവിതത്തിന്‍റെ പൂക്കാലമായി വളര്‍ന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരിക്കെ 2007ല്‍ആണ് വിവാഹം

 ഇത്തവണ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎല്‍എയ്ക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചത്.

കൊല്ലം മൈനാഗപ്പള്ളി കോവൂരാണ് വിഷ്ണുനാഥിന്‍റെ അമ്മവീട്. കുറേനാലായി പിതാവും കുടുംബവും താമസിക്കുന്ന പുത്തൂരിലെ മാവടി ഇപ്പോള്‍ സ്വന്തംനാടാണ് അമ്മ ലീലയാണ് അവിടെ. എന്നാല്‍ ശാസ്താംകോട്ടയിലായിരുന്നു വിഷ്ണുവിന്‍റെ വളര്‍ച്ചയെന്നതിനാല്‍ ഏവരും ജന്മനാടായി ആഘോഷിക്കുന്നത് ശാസ്താംകോട്ടയാണ്. സഹോദരി വീണാറാണിയും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് തടാക തീരത്തെ ഈ വീട്ടിലുള്ളത്. കുണ്ടറ ഇപ്പോള്‍ വിഷ്ണുനാഥിന് കുടുംബവീടുപോലെയാണ് ഇവിടെയെല്ലാം ജനകീയനായ വിഷ്ണുനാഥിന്‍റെ മന്ത്രിപദാരോഹണം ഇപ്പോള്‍ ആഘോഷമാണ്.