കൊല്ലം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം മുതല്‍ ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ബലിതര്‍പ്പണത്തിനായി തിരുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രൈവറ്റ്, കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകള്‍ കൊല്ലം കളക്‌റ്റേറ്റ്-കാങ്കത്തുമുക്ക്-വെള്ളയിട്ടമ്പലം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. ചിന്നക്കടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാങ്കത്ത് മുക്കില്‍ സണ്‍ ബേ ആഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. ചവറ ഭാഗത്തു നിന്നും കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര കവാടത്തിനു വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്‌കൂളിന്റെ ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതുമാണ്. ഈ റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.
തെക്കേ കച്ചേരി-മുണ്ടാലുംമൂട്-വെള്ളയിട്ടമ്പലം റൂട്ടില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതാണ്. ബലിതര്‍പ്പണത്തിനായി ഭക്തജനങ്ങളുമായി വരുന്ന ടൂവീലര്‍, ആട്ടോറിക്ഷാ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം എന്നീ ജംഗ്ഷനുകളില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സെന്‍് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്‌സ്, കൊല്ലം ഗേള്‍സ്, ഠൗണ്‍ യു.പി.എസ്, മുളങ്കാടകം എന്നീ സ്‌കൂള്‍ ഗ്രൗണ്ടുകളിലോ മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലോ പാര്‍ക്കു ചെയ്യേണ്ടതും തിരികെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകേണ്ടതുമാണ്.
യാതോരു കാരണവശാലും ടൂവീലറുകള്‍ക്ക് മുണ്ടാലുംമൂട്-തിരുമുല്ലാവാരം ഭാഗത്തേയ്ക്കും നിയന്ത്രണങ്ങള്‍ പാലിക്കേണ്ട മറ്റ് റോഡുകളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല. നാഷണല്‍ ഹൈവേയുടേയോ മറ്റ് പ്രധാന റോഡുകളുടേയോ വശങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. തിരുവനന്തപുരത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും പരമാവധി ചെറിയ വാഹനങ്ങളും മേവറത്ത് നിന്നും തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതും ആലപ്പുഴ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈപാസ്സ് വഴിയും പോകേണ്ടതാണ്.
തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവു. ആവശ്യമാകുന്ന പക്ഷം പാര്‍ശ്വ റോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തജനങ്ങളും, അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതാണ്.
നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലം യുപിഐ ഇടപാടില്‍ ഉണ്ടാകാവുന്ന കാലതാമസം വഴി ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തജനങ്ങള്‍ക്ക് കാഷ് ഉപയോഗിച്ച് ബലിതര്‍പ്പണത്തിനുള്ള രസീതുകള്‍ കൈപ്പറ്റേണ്ടതാണ്. ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യത്തിനായി പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് പോലീസ് അറിയിച്ചു.



























