ഉത്തരാഖണ്ഡ്: പിത്തോറഗഢ് ജില്ലയിൽ നടന്ന ജൗൽജിബി മേളയുടെ ഉദ്ഘാടന വേദിയിൽ കോൺഗ്രസ് എംഎൽഎ ഹരീഷ് സിങ് ധാമി നടത്തിയ പരാക്രമമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. പരിപാടിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതിലും പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തതിലും പ്രകോപിതനായാണ് ധാർച്ചുല എംഎൽഎ വേദിയിലെ കസേരകളും മൈക്കും വലിച്ചെറിഞ്ഞത്.
നവംബർ 14-ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉദ്ഘാടനം ചെയ്ത ജൗൽജിബി മേളയുടെ വേദിയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെയായിരുന്നു എംഎൽഎയുടെയും അനുയായികളുടെയും പ്രതിഷേധം.
മേളയുടെ അധ്യക്ഷനും സ്ഥലം എംഎൽഎയും ആയിരുന്നിട്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തനിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് ഹരീഷ് ധാമി ആരോപിച്ചു. പ്രദേശത്തെ മോശം റോഡുകളെക്കുറിച്ചും ഒരു കുട്ടിയുടെ മരണത്തെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയപ്പോൾ ഉദ്യോഗസ്ഥർ മനഃപൂർവം മൈക്ക് ഓഫ് ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷുഭിതനായ എംഎൽഎ സൗണ്ട് ജീവനക്കാർക്ക് നേരെ മൈക്ക് വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വേദിയിലുണ്ടായിരുന്ന കസേരകളും പോഡിയങ്ങളും എറിഞ്ഞു തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പൊതുമുതൽ നശിപ്പിച്ചതിനും വേദി അലങ്കോലപ്പെടുത്തിയതിനും ഹരീഷ് സിങ് ധാമിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ജൗൽജിബി പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

































