ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എസ്ഐആര്‍ പ്രക്രിയയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എസ്എസ് സന്ധു, വിവേക് ജോഷി എന്നിവരും ശനിയാഴ്ച ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് യോഗം ചേര്‍ന്നു. 3 മണിക്ക് ചേര്‍ന്ന യോഗത്തിന് ശേഷം, എസ്ഐആര്‍ പ്രക്രിയ, ഇസിഐനെറ്റ്, ഫോം 6, വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും ആക്ഷേപങ്ങളും, കാബിനറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്തുമായി ബന്ധപ്പെട്ട വിവാദം എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താക്കുറിപ്പ് കമ്മീഷന്‍ പുറത്തിറക്കി.
വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ ഉള്ളതായി നോട്ടീസ് ലഭിച്ച വോട്ടര്‍മാരുടെ പരിശോധനാ പ്രക്രിയയില്‍ കമ്മീഷന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇനിമുതല്‍ ഇത്തരം വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് രേഖകള്‍ ശേഖരിക്കുകയും, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനായി അത് ഇസിഐനെറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഇത്തരം വോട്ടര്‍മാരെ ഇആര്‍ഒ ഓഫീസിലെ ഹിയറിങ്ങിനായി വിളിക്കേണ്ടതില്ല. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഹിയറിങ് നടത്തുകയുള്ളൂവെന്നും അത് പരമാവധി ഓണ്‍ലൈനായി നടത്താനാണ് തീരുമാനമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ വോട്ടര്‍ക്ക് പകരം കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനും ഹിയറിങ്ങില്‍ പങ്കെടുക്കാം. ഭവനരഹിതര്‍, തൊഴിലാളികള്‍, അഗതിമന്ദിരങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാംപുകളും ഹെല്‍പ് ഡെസ്‌കുകളും ഒരുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോം 6-മായി ബന്ധപ്പെട്ടതാണ് മറ്റൊരു വിശദീകരണം. പുതിയ വോട്ടര്‍ പേരുചേര്‍ക്കുമ്പോള്‍ അച്ഛനോ അമ്മയോ അതുമല്ലെങ്കില്‍ അതിന് മുന്‍പുള്ളവരുടെയോ പേരുവിവരങ്ങള്‍ ചോദിക്കുന്നത് വോട്ട് രജിസ്‌ട്രേഷന്‍ തടയാനാണോ എന്ന ആശങ്ക നേരത്തെ ഒരു കമ്മീഷണര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ഫോം 6ല്‍ മാതാപിതാക്കളുടെ പേര് വഴി മുന്‍ എസ്ഐആര്‍ ബന്ധം തെളിയിക്കണമെന്ന പ്രഖ്യാപന നിബന്ധന സുപ്രീംകോടതി ശരിവച്ചതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എസ്ഐആര്‍ കാലയളവിന് പുറത്ത് 1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരമുള്ള ഫോമുകള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു.
ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ 20 സംസ്ഥാനങ്ങളിലും എസ്ഐആര്‍ ഇതിനകം പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും ഇആര്‍ഒയെ സമീപിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. ഇതിനായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഫോമുകള്‍ ശേഖരിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയ ഗോവയിലെ അനുഭവവും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള 97 വോട്ടര്‍മാരില്‍ 81 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഇതിനകം ഫോം 6 പൂരിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇലക്ടറല്‍ മാനേജ്‌മെന്റ് സിസ്റ്റത്തെക്കുറിച്ച് സംസാരിച്ച കമ്മീഷന്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് അവരുടെ നിയമപരമായ അധികാരങ്ങള്‍ക്കനുസൃതമായി മാത്രമേ ഇസിഐനെറ്റ് (ECINet) സംവിധാനത്തിലേക്ക് പ്രവേശനമുള്ളൂ എന്ന് വ്യക്തമാക്കി. ബന്ധപ്പെട്ട നിയമങ്ങളിലെ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഐഐടി അല്ലെങ്കില്‍ ഐഐഐടിയില്‍ നിന്നുള്ള സ്വതന്ത്ര വിദഗ്ധന്‍ അടങ്ങുന്ന സമിതി ഇസിഐനെറ്റ് അവലോകനം ചെയ്യും. ഭാവിയില്‍ ഐടി മൊഡ്യൂളുകളും പോര്‍ട്ടലുകളും ഉള്‍പ്പെടുന്ന എല്ലാ പുതിയ സംരംഭങ്ങളും കമ്മീഷന്റെ അംഗീകാരത്തിന് മുമ്പായി ഓഫീസര്‍മാരുടെ സമിതി ചര്‍ച്ച ചെയ്യും.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും എസ്ഐആര്‍ സമയപരിധി നീട്ടി
ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അവിടെ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാനുള്ള സമയപരിധി കമ്മീഷന്‍ നീട്ടി. ഡല്‍ഹിയില്‍ ഒക്ടോബര്‍ 30 വരെ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഫയല്‍ ചെയ്യാം. ഇവ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെയാണ്. മഹാരാഷ്ട്രയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 12 വരെയും, തീര്‍പ്പാക്കുന്നതിനുള്ള തീയതി നവംബര്‍ 10 വരെയും നീട്ടിയിട്ടുണ്ട്.
കൂടാതെ കമ്മീഷന്റെ എല്ലാ യോഗങ്ങളുടെയും അജണ്ടകള്‍ മുന്‍കൂട്ടി വിതരണം ചെയ്യാനും മിനിറ്റ്സ് പുറത്തിറക്കാനും തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ വാര്‍ഷിക പെര്‍ഫോമന്‍സ് അപ്രൈസല്‍ റിപ്പോര്‍ട്ടുകള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നും, വിദേശയാത്രകള്‍ക്ക് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും, കമ്മീഷണര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.































