30.1 C
Kollam
Friday 9th October, 2026 | 01:40:50 PM
Home News Breaking News തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നത , കമ്മീഷന്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയതോടെ എല്ലാം അവസാനിച്ചെന്ന് ബിജെപി, ഇല്ല...

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നത , കമ്മീഷന്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയതോടെ എല്ലാം അവസാനിച്ചെന്ന് ബിജെപി, ഇല്ല തീര്‍ന്നില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി.തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകളില്‍ കമ്മീഷന്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നു. കമ്മീഷന്റെ കുറിപ്പ് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ടെന്ന് ബിജെപി അവകാശപ്പെട്ടപ്പോള്‍, ഈ വിശദീകരണം തീര്‍ത്തും അപര്യാപ്തമാണെന്നും പ്രധാനപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചടിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷമായ ഇന്ത്യ മുന്നണി നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് രാഷ്ട്രീയ ചേരിപ്പോര് കൂടുതല്‍ തീവ്രമാകുന്നത്.

നേരത്തെ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ 14 വിയോജനക്കുറിപ്പുകള്‍ സമര്‍പ്പിച്ചിരുന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആഭ്യന്തര ഭിന്നത പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. തുടര്‍ന്ന് കമ്മീഷണര്‍മാര്‍ നിര്‍വാചന്‍ സദനില്‍ യോഗം ചേര്‍ന്ന് ഒടുവില്‍ സംയുക്ത വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

തയ്യാറാക്കിയ വിശദീകരണപ്രകാരം, എസ്‌ഐആര്‍ സംബന്ധിച്ച എല്ലാ ഉത്തരവുകളും കമ്മീഷന്റെ ഐകകണ്ഠ്യേനയുള്ള അംഗീകാരത്തോടെയാണ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിക്കെഴുതിയ കത്ത് നയപരമായ കാര്യങ്ങളെക്കുറിച്ചല്ലെന്നും, ഡെപ്യൂട്ടേഷനില്‍ വന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കമ്മീഷന്‍ വിശദീകരിച്ചു. ഈ പ്രസ്താവനയിലൂടെ കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ പൂര്‍ണമായി അവസാനിച്ചതായി ബിജെപി വക്താവ് സാംബിത് പത്ര അവകാശപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ആക്രമിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ബിജെപി സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയും കമ്മീഷന്റെ വിശദീകരണത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

എന്നാല്‍ കമ്മീഷന്റെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമാണെന്ന് കമ്മീഷന്റെ കുറിപ്പ് തന്നെ പരോക്ഷമായി സ്ഥിരീകരിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങളെ മറ്റ് കമ്മീഷണര്‍മാര്‍ എതിര്‍ത്തിരുന്നുവെന്നും, ബിഹാറിലും പശ്ചിമ ബംഗാളിലും എസ്ഐആര്‍ പൂര്‍ത്തിയായപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യുവ വോട്ടര്‍മാരുടെയും ഗോവയില്‍ യോഗ്യതയുണ്ടായിട്ടും പുറത്താക്കപ്പെട്ട 97 പേരുടെയും കാര്യത്തില്‍ കമ്മീഷന്‍ എന്ത് മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.

സുപ്രീംകോടതിയില്‍ ഇതിനകം ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നിരിക്കെ, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’ മുന്നണി സെപ്റ്റംബര്‍ 30ന് പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ചൊല്ലിയുള്ള ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടം വരും ദിവസങ്ങളില്‍ കൂടുതല്‍ കടുക്കാനാണ് സാധ്യത.