31.2 C
Kollam
Sunday 27th September, 2026 | 03:33:06 PM
Home News Kerala വീട്ടില്‍നിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു

വീട്ടില്‍നിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു

പഴയന്നൂര്‍. വീട്ടില്‍നിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീര്‍ണമുക്ക് കുന്നത്ത് വീട്ടില്‍ വിനോദ് കുമാര്‍ (60) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മക്കളായ വിദ്യ, വൃന്ദ എന്നിവരില്‍ ഒരാള്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ശനിയാഴ്ച രാത്രി വീട്ടില്‍വെച്ച് വിനോദ് കുമാറും മക്കളും ബ്രഡും ജാമും കഴിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിലെ മൂന്നുപേര്‍ക്കും ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് വിനോദ് കുമാറിനെയും മക്കളെയും ഉടന്‍തന്നെ ആംബുലന്‍സില്‍ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 3.20-ഓടെ വിനോദ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചികിത്സയില്‍ കഴിയുന്ന രണ്ടാമത്തെ പെണ്‍കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യവിഷബാധയാണോ മരണത്തിന് വഴിവെച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ മരണപ്പെട്ട വിനോദ് കുമാറിന്റെ ബന്ധുവായ ജിതിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് സംഘം സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി പ്രാഥമിക ഇന്‍ക്വസ്റ്റ് നടപടികളും വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here