ഏഴാംമൈൽ: ഏഴാംമൈൽ സ്വകാര്യ സിബിഎസ്ഇ സ്കൂളിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും വയറുവേദനയും വയറിളക്കവും ഉൾപ്പെടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി കുട്ടികളെ പ്രദേശത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതിൽ ചില കുട്ടികൾ നിലവിൽ ചക്കുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിലെ ആവശ്യങ്ങൾക്കായി പുറത്തുനിന്ന് കൊണ്ടുവന്ന വെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കുടിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും കുട്ടികള്‍ ഭക്ഷണശേഷം കൈയും വായയും കഴുകിയത് ഇതിലാണ്
സ്കൂളിലെ വെള്ളമടിക്കുന്ന പമ്പ് തകരാറിലായതിനെ തുടർന്നാണ് അധികൃതർ പുറത്തുനിന്ന് വെള്ളം എത്തിച്ചത്. സ്കൂളിലെ ആവശ്യത്തിനായി പ്രദേശത്തെ ഒരു കരാറുകാരനെ വെള്ളമെത്തിക്കാന്‍ ഏല്‍പ്പിച്ചു. അയാള്‍എത്തിച്ച് സ്കൂളില്‍ ടാങ്കില്‍ നിറച്ച വെള്ളം ഉപയോഗിച്ച കുട്ടികളാണ് പ്രശ്നത്തിലായത്. പാറമടയില്‍ നിന്നാണ് ഇയാള്‍ വെള്ള മെടുക്കുന്നതെന്നും മിക്കവാറും നിര്‍മ്മാണ ആവശ്യങ്ങള്‍ക്കാണിത് നല്‍കുന്നതെന്നും പറയപ്പെടുന്നു.
സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് നൽകിയ വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കുടിവെള്ളം വിതരണം ചെയ്തതിലെ വീഴ്ചകൾ സംബന്ധിച്ച് അധികൃതർ പരിശോധിച്ചുവരികയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സ്കൂളിലും പരിസരത്തും ആരോഗ്യവകുപ്പിന്റെ കർശന പരിശോധന തുടരുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം



































