26.8 C
Kollam
Thursday 8th October, 2026 | 10:02:19 AM
Home News Local രാസകളനാശിനിക്ക് പ്രകൃതിദത്ത മറുപടി; ഐവർകാലയിലെ വിദ്യാർത്ഥിനികളുടെ ഹരിതസംരംഭം ശ്രദ്ധേയം

രാസകളനാശിനിക്ക് പ്രകൃതിദത്ത മറുപടി; ഐവർകാലയിലെ വിദ്യാർത്ഥിനികളുടെ ഹരിതസംരംഭം ശ്രദ്ധേയം

കുന്നത്തൂര്‍.രാസകളനാശിനികളുടെ അമിതമായ ഉപയോഗം പരിസ്ഥിതിക്കും മണ്ണിനും ജലസ്രോതസ്സുകൾക്കും വിവിധ ജീവജാലങ്ങൾക്കും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ഇന്ന് ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കൃഷിയിൽ കളകളെ നിയന്ത്രിക്കാൻ രാസകളനാശിനികൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ, പ്രകൃതിയോടും പരിസ്ഥിതിയോടും കൂടുതൽ സൗഹൃദപരമായ ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും വർധിച്ചുവരികയാണ്.
ഈ സാഹചര്യത്തിൽ, ഐവർകാല കരുവാമല ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ കൃഷ്ണയും വൈശാഖിയും, ശാസ്ത്രമേളാ പ്രോജക്ടിന്റെ ഭാഗമായി ഇരുമ്പിൻപുളി ഉപയോഗിച്ചുള്ള പ്രകൃതിദത്ത കളനിയന്ത്രണ ദ്രാവകം തയ്യാറാക്കി പരീക്ഷിക്കുന്നു. രാസകളനാശിനികളുടെ ഉപയോഗം കുറയ്ക്കാൻ കഴിയുന്ന ഒരു ലളിതവും എളുപ്പത്തിൽ ലഭ്യമായ വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള ബദൽ മാർഗം കണ്ടെത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം..


ഒരു ചെറിയ പരീക്ഷണം വലിയൊരു ഹരിതസന്ദേശം;
പ്രകൃതിയെ സംരക്ഷിക്കുക എന്നത് വലിയ പദ്ധതികളിൽ മാത്രം ഒതുങ്ങേണ്ടതല്ല. നമ്മുടെ ചുറ്റുപാടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന വിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദമായ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമാണ്.
രാസവസ്തുക്കളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക എന്നതിലുപരി, അവയുടെ അനാവശ്യവും അമിതവുമായ ഉപയോഗം കുറയ്ക്കാൻ കഴിയുന്ന ബദൽ മാർഗങ്ങൾ കണ്ടെത്തുക എന്ന ചിന്തയാണ് ഈ പദ്ധതിയുടെ പിന്നിൽ.
ഐവർകാല കരുവാമല ഹൈസ്കൂളിലെ ഈ വിദ്യാർത്ഥിനികളുടെ സംരംഭം, “പ്രകൃതിയെ സംരക്ഷിക്കാൻ വലിയ മാറ്റങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല; ചെറിയ ആശയങ്ങളിൽ നിന്നുമാണ് വലിയ മാറ്റങ്ങൾ ആരംഭിക്കുന്നത്” എന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.



_“കളകളെ നിയന്ത്രിക്കാം; പ്രകൃതിയെ സംരക്ഷിക്കാം.”

തയ്യാറാക്കുന്ന വിധം:
10 കിലോഗ്രാം പഴുത്ത ഇരുമ്പിൻ പുളി ഒരു ഭരണിയിൽ രണ്ടാഴ്ച അടച്ച് സൂക്ഷിക്കുക. അഞ്ച് കിലോഗ്രാം ഉപ്പ് ചേർത്തിളക്കി ഒരാഴ്ചയ്ക്കുശേഷം അലക്ക് സോപ്പ് രണ്ട് കിലോഗ്രാം ചീകിയത് ആവശ്യമെങ്കിൽ ഫലപ്രാപ്തി കൂട്ടാൻ ഇതിൽ ചേർക്കുക. കുറച്ചു വെള്ളം ഒഴിച്ച് അരിച്ചെടുത്ത് കുപ്പിയിൽ നിറക്കുക.

ഉപയോഗിക്കേണ്ട രീതി:
ഇത് സ്പ്രയർ ഉപയോഗിച്ച് കളകളിൽ സ്പ്രേ ചെയ്യുക. കളകൾ നശിച്ചതിനുശേഷം ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇത് വളരെ ഫലപ്രദമായ ഒരു ജൈവകളനാശിനിയാണ് മാത്രമല്ല പ്രകൃതിക്ക് ഒരു ദോഷവും ഇതുകൊണ്ട് ഉണ്ടാകില്ലെന്ന് ഉപയോഗിച്ചവര്‍ സാക്ഷ്യം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here