കൊല്ലം.ജില്ലയുടെ തലക്കുമീതേ മൂളിപ്പറക്കുകയാണ് ഭീഷണി. രണ്ടാഴ്ചയ്ക്കിടെ 234 ഡെങ്കികേസുകൾ റിപ്പോർട്ട് ചെയ്തതിൽ 130 എണ്ണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 12 കേസുകൾ സ്ഥിരീകരിച്ചു.
29ന് 17 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 10 എണ്ണം സ്ഥിരീകരിച്ചിരുന്നു. ഇതേ കാലയളവിൽ 35 പേർക്ക് ഇൻഫ്ലുവൻസ് സ്ഥിരീകരിച്ചു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങൾ ജില്ലയിൽ കുറവാണ്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്.
അസാധാരണമായ നിലയിലാണ് കൊതുകുശല്യമെന്ന് ജനങ്ങള്‍ പറയുന്നു. കാലാവസ്ഥാമാറ്റം മൂലം കൊതുകുകള്‍ക്ക് അനുകൂലമായ സ്ഥിതി തുടരുകയാണ്. മുമ്പ് കൊതുകുശല്യമില്ലാത്ത മേഖലകളിലും ഇപ്പോള്‍ നില്‍ക്കാന്‍പോലുമാവുന്നില്ല. വെള്ളക്കെട്ടിനേക്കാള്‍ കുറ്റിക്കാടുകളാണത്രേ വില്ലന്‍. മാലിന്യകേന്ദ്രങ്ങളും പ്രശ്നമാണ്. പകലും ശല്യം രൂക്ഷമാണ്. ഈ ഭീഷണി മൂളിപ്പറക്കുമ്പോള്‍ അധികൃതര്‍ അത് ശ്രദ്ധിക്കുന്നേയില്ല. പഞ്ചായത്തുകളില്‍ മുമ്പ് ഫോഗിംങ് അടക്കം പ്രതിരോധ നടപടികളുണ്ടാകുമായിരുന്നു. ഇപ്പോള്‍അതില്ല.



































