28.3 C
Kollam
Tuesday 29th September, 2026 | 07:47:56 PM
Home News Local ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ മുഖഛായ മാറുന്നു;6.5 കോടി രൂപ ചിലവിൽ നവീകരണമെന്ന് കൊടിക്കുന്നിൽ

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ മുഖഛായ മാറുന്നു;6.5 കോടി രൂപ ചിലവിൽ നവീകരണമെന്ന് കൊടിക്കുന്നിൽ

സ്റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണവും പദ്ധതിയിൽപ്പെടുന്നു

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് എം.പിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

സ്റ്റേഷൻ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.നേരത്തെ നടത്തിയ ടെൻഡർ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ റെയിൽവേ സ്വീകരിക്കും.6.5 കോടി രൂപ ചിലവിൽ പ്ലാറ്റ്ഫോം ഉയർത്തി നവീകരണം,പ്ലാറ്റ്ഫോമിൽ പുതിയ ടൈലുകൾ പാകി നവീകരിക്കുക,ആറ് പുതിയ ഷെൽറ്ററുകൾ സ്ഥാപിക്കുക,ഇരിപ്പിടങ്ങളും കുടിവെള്ള സൗകര്യങ്ങളും ഒരുക്കുക,ശുചിമുറി സൗകര്യം മെച്ചപ്പെടുത്തുക,പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളിലും സൈഡ് ഭിത്തി നിർമ്മിക്കുക തുടങ്ങിയ പ്രവൃത്തികൾ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സ്റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണവും പദ്ധതിയിൽപ്പെടുന്നു.

ടിക്കറ്റ് കൗണ്ടറും വെയിറ്റിംഗ് ഹാളും പുനർനിർമ്മിക്കും.യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഉണ്ടാകും.റെയിൽവേയുടെ കൈവശത്തിലുള്ള സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളും റെയിൽവേ നവീകരിക്കും.യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനവും എ.ടി.വി.എം സംവിധാനവും ഉടൻ സ്ഥാപിക്കും.ശാസ്താംകോട്ട സ്റ്റേഷനിൽ കൂടുതൽ ഡെയിലി,സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും റെയിൽവേ പരിഗണിക്കും.യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് എം.പി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

സ്റ്റേഷന്റെ പരിസരത്ത്, പള്ളിക്ക് മുന്നിലായി പുതിയ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനമായി.ഇതോടെ സ്റ്റേഷൻ പരിസരത്തെ രാത്രികാല വെളിച്ചവും സുരക്ഷയും മെച്ചപ്പെടും.ഉല്ലാസ് കോവൂർ
എംഎൽഎ,റെയിൽവേ ഉദ്യോഗസ്ഥർ,പഞ്ചായത്ത് അംഗങ്ങൾ,പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ,പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here