കൊല്ലം: വസ്തു പോക്കുവരവ് (പോക്കുവരവ് സർട്ടിഫിക്കറ്റ്) ചെയ്യുന്നതിനായി ഭൂവുടമയിൽനിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസിന്റെ പിടിയിലായി. കൊട്ടാരക്കര കടയ്ക്കോട് സ്വദേശി അഭിലാഷ് ആനന്ദാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
വസ്തു പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകൻ കഴിഞ്ഞ മൂന്നുമാസമായി പുത്തൂർ വില്ലേജ് ഓഫിസിനെ സമീപിച്ച് വരികയായിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥൻ നടപടികൾ വൈകിപ്പിച്ചു. തുടർന്ന് ഫയൽ തീർപ്പാക്കുന്നതിനായി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇതേത്തുടർന്ന് അപേക്ഷകൻ വിജിലൻസിനെ സമീപിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വ്യാഴാഴ്ച പുത്തൂർ കണിയാപുരം ക്ഷേത്രത്തിന് സമീപത്തുവെച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

































