കൊല്ലം:സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്ത് കവർച്ച നടത്തിയ യുവാക്കൾ അറസ്റ്റിൽ.പട്ടത്താനം ജവഹർ ജംഗ്ഷൻ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (27), ഇരവിപുരം കയ്യാലക്കൽ ഫാത്തിമ മൻസിലിൽ മാഹീൻ (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബർ 16ന് രാത്രി 8 മണിയോടെ,പ്രതികൾ ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷനു സമീപം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് ഇതേ പ്രതികൾ കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയുടെ കഴുത്തിൽ നിന്നും 6 പവൻ തൂക്കമുള്ള സ്വർണ്ണമാലയും പൊട്ടിച്ചു കടന്നുകളഞ്ഞു.ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര,കണ്ണനല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയായിരുന്നു. തുടർന്ന് 17 ന് രാവിലെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം, ഉളിയകോവിൽ ഇളംകുളം ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പിടിയിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ, പ്രതിയായ മാഹീനെതിരെ കാപ്പാ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊല്ലം എ.സി.പി ഷാജിയുടെ മേൽനോട്ടത്തിൽ, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയശങ്കറിൻ്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, സി.പി.ഓ മാരായ ജയകുമാർ, മുരുകേഷ് കുമാർ, അൻഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് പ്രതികളെ ശക്തികുളങ്ങര പോലീസിന് കൈമാറുകയായിരുന്നു.

































