30.5 C
Kollam
Thursday 17th September, 2026 | 03:55:20 PM
Home News Breaking News കൊല്ലത്ത് പാർട്ടിയെ നന്നാക്കാൻ ജനറൽ സെക്രട്ടറി എം എ ബേബി ഇടപെടുമെന്ന് സൂചന

കൊല്ലത്ത് പാർട്ടിയെ നന്നാക്കാൻ ജനറൽ സെക്രട്ടറി എം എ ബേബി ഇടപെടുമെന്ന് സൂചന

കൊല്ലം. ജില്ലയില്‍ ശക്തി നഷ്ടമായ പാർട്ടിയെ നന്നാക്കാൻ ജനറൽ സെക്രട്ടറി എം എ ബേബി . പാർട്ടി പ്രവർത്തനങ്ങളിലും നേതൃതലത്തിലും സമൂല അഴിച്ചുപണി ഉണ്ടായേക്കും . വിഭാഗീയത അവസാനിപ്പിക്കാൻ നേതാക്കൾ നേരിട്ട് ഇറങ്ങും. കൊല്ലത്ത് സി പി ഐ എമ്മിനെ ശക്തിപ്പെടുത്താനുള്ള ചുമതല കെ എൻ ബാലഗോപാലിന് നൽകിയേക്കു൦.

സിപിഐഎമ്മിന് സംസ്ഥാനത്ത് ഏറ്റവും അധികം സംഘടനാ സംവിധാനം ഉള്ള ജില്ലയാണ് കൊല്ലം. 2016 ൽ 11 നിയമസഭാ മണ്ഡലങ്ങളിൽ പതിനൊന്നിടത്തും ജയിച്ചതും അതേ സംഘടനാ കരുത്തുകൊണ്ട് തന്നെ.പക്ഷേ സമീപകാലത്ത് സിപിഐഎമ്മിനെ ബാധിച്ച വിഭാഗീയത ഏറ്റവും ആദ്യം പ്രകടമായത് കൊല്ലത്ത്.പ്രാദേശിക വിഭാഗീയത മാത്രമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ അതിനെ തള്ളിയെങ്കിലും , ജില്ലയിൽ പാർട്ടിക്ക് ഉണ്ടായത് കനത്ത പ്രഹരം. ഒടുവിൽ സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടിയേയും , DYFI മുൻ സംസ്ഥാന പ്രസിഡൻ്റും , ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പി ആർ വസന്തനെയും വിഭാഗീയതയുടെ ഭാഗമായി തരംതാഴ്ത്തിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല.

2026 ൽ ജില്ലയിൽ ഇടതുപക്ഷത്തിന് കൊല്ലത്ത് ആകെ ജയിക്കാൻ ആയത് 2 ഇടത്ത് മാത്രം. ഇടത് കോട്ടയായ ചാത്തന്നൂർ ബിജെപി പിടിച്ചെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കഷ്ടിച്ച് ജയിച്ചതും, ജില്ലയിൽ പാർട്ടിയുടെ മുഖമായിരുന്ന വനിത നേതാവ് ഐഷ പോറ്റി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചതും എല്ലാം ജില്ലയിലെ സിപിഐഎമ്മിലെ ദൗർബല്യങ്ങളുടെ തെളിവായിരുന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് പാർട്ടി വിട്ടുപോയവരെയും നടപടി നേരിട്ട് മാറി നിൽക്കുന്നവരെയും തിരികെ എത്തിക്കാൻ സി പി ഐ എം തീരുമാനിക്കുന്നത്. സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ തിരികെ എത്തിച്ചത് ഇതിൻ്റെ ഇതിൻ്റെ ആദ്യപടിയായിയാണ്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നിർദ്ദേശ പ്രകാരമാണ് സൂസൻ കോടിയെ തിരിച്ചെടുക്കുന്നത്.ഐഷ പോറ്റി തിരിച്ചെത്താൻ താല്പര്യം കാണിച്ചാൽ സ്വീകരിക്കാൻ തന്നെയാണ് സി പി ഐ എം തിരുമാനം.

SFI അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി , ഡി വൈ എഫ് ഐെ സംസ്ഥാന പ്രസിഡൻ്റ് ചിന്താ ജെറോം , ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് സൂസൻ കോടിയും അടക്കം 10 പേരാണ് നിലവിൽ കൊല്ലത്ത് നിന്ന് സംസ്ഥാന കമ്മിറ്റിയിൽ. ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാഗോപാലിൻ്റെ നേതൃത്വത്തിൽ സംഘടന സംവിധാനം ഉടച്ച് വാർക്കാനാണ് തീരുമാനം. കൊല്ലത്ത് ജില്ലാ സെക്രട്ടറിയെ തന്നെ മാറ്റിയുള്ള തിരുത്തലിലേക്ക് സി പി ഐ എം കടന്നേക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here