27 C
Kollam
Monday 14th September, 2026 | 10:53:32 PM
Home News Local കർക്കിടകവാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി ആയിരങ്ങൾ

കർക്കിടകവാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി ആയിരങ്ങൾ

ശാസ്‌താംകോട്ട:കർക്കിടക .വാവ് ദിനത്തിൽ പിതൃമോക്ഷം തേടി വിവിധ സ്നാനഘട്ടങ്ങളിലെത്തിയത് ആയിരങ്ങൾ.കുന്നത്തൂർ താലൂക്കിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം,ശൂരനാട് വടക്ക് ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം. എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

തിലഹവനം,പിതൃബലി എന്നിവയ്ക്കുള്ള സൗകര്യം ക്ഷേത്രങ്ങളിൽ ഒരുക്കിയിരുന്നു.വിശേഷാൽ പൂജകളും അന്നദാനവും നടന്നു.കല്ലടയാറിന്റെയും പള്ളിക്കലാറിന്റെയും തീരങ്ങളിലുള്ള സ്നാനഘട്ടങ്ങളിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ ഒരേ സമയം ഇരുനൂറിലധികം പേർക്ക് ബലിയിടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.

മൈനാഗപ്പള്ളി മുളയ്ക്കൽ മഠം ബ്രഹ്മശ്രീ അജയ് നമ്പൂതിരി കാർമികത്വം വഹിച്ചു.കല്ലടയാറിന്റെ തീരത്തെ
പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് ആയിരങ്ങളാണ് എത്തിയത്.

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നിയന്ത്രണത്തിലുള്ള ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.സുരക്ഷയുടെ ഭാഗമായി പൊലീസ്,ഫയർഫോഴ്സ്,മെഡിക്കൽ,ലൈഫ് ഗാർഡുകൾ എന്നിവരും സ്നാനഘട്ടങ്ങളിൽ ക്യാമ്പ് ചെയ്തിരുന്നു.