ശൂരനാട്.പലരും കുപ്പികളിൽ ചിത്രങ്ങൾ വരച്ചും ചായങ്ങൾ പൂശിയും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ആറാം ക്ലാസുകാരി കുപ്പിയിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഗണിത തത്വങ്ങൾ ആലേഖനം ചെയ്ത് ശ്രദ്ധേയയാകുന്നു. പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി (ഗൗരി കുട്ടി ) ഭവികാലക്ഷ്മിയാണ് ഈ കൊച്ചു മിടുക്കി. കഴിഞ്ഞ വെക്കേഷൻ സമയത്താണ് തന്റെ സർഗാത്മകതക്ക് പുതിയ വഴി കണ്ടെത്തിയത്.
ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ക്രിയകളും ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും സൂത്രവാക്യങ്ങളും വളരെ മനോഹരമായി ഇതിൽ എഴുതിയിട്ടുണ്ട്. അളവ് തൂക്കങ്ങളെ സംബന്ധിച്ചുള്ള അറിവുകളും കുപ്പികളിൽ കുറിച്ചു വെച്ചിട്ടുണ്ട്.
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഗണിത തത്വങ്ങൾ അലേഖനം ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ. റീൽസ് താരം കൂടിയായ ഭവിക ഗണിതത്തിലെ തത്വങ്ങളെ കുറിച്ചും ഇംഗ്ലീഷ് ഗ്രാമറും വീഡിയോകളായി
അവതരിപ്പിച്ച് സോഷ്യൽ മീഡിയ പേജുകളിൽ തിളങ്ങുന്ന താരം കൂടിയാണ്. ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയയായ ഭവിക തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന്റെ തിരക്കിലാണ്.
പ്രസംഗത്തിലും നൃത്തത്തിലും കഥാപ്രസംഗത്തിലും തന്റേതായ മികവ് കാഴ്ചവെച്ചിട്ടുള്ള ഭവിക ദാവീദ് എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ പരിപാടികളിൽ വിദ്യാർഥികൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും എല്ലാ കുട്ടികൾക്കും പ്രഥമ ശുശ്രൂഷ പരിശീലനം നൽകണമെന്നുമുള്ള ഭാവികയുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം,കൊല്ലം ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ മികച്ച ബാലപ്രതിഭ പുരസ്കാരം, ജെസിഐ ഇന്ത്യയുടെ മികച്ച ബാലപ്രതിഭ പുരസ്കാരം, പൂവച്ചൽ ഖാദർ ബാലസാഹിത്യ രത്ന പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

































