തിരുവനന്തപുരം. മയിൽപീലി സ്കോളർഷിപ്പ് വിവാദത്തിൽ പരീക്ഷയെ ന്യായീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. മത -രാഷ്ട്രീയ അജണ്ട കണ്ടെത്താനായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ പരാമർശം. അധ്യാപക സംഘടനകള്‍ നിർദേശിക്കുന്ന പരിപാടികള്‍ക്ക് അനുമതി നൽകുന്നത് പതിവെന്നും വിശദീകരണം.
ഒക്ടോബർ 30 ന് ആദ്യ പരീക്ഷ, നവംബർ പതിനാലിന് രണ്ടാം ഘട്ടം. രണ്ട് പരീക്ഷകളും കഴിയുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി സംഭവം അറിയുന്നത്. ബാലഗോഗുല പ്രസിദ്ധികരണം മയിൽപീലിക്കും- അധ്യാപക സംഘടനയായ NTU വിനും പരീക്ഷയ്ക്ക് അനുമതി നൽകിയതാകട്ടെ ലീഗിൻ്റെ വിശ്വസ്‌തനായ ജോയിൻ്റ് ഡയറക്ടറും. സംഭവം വിവാദമായതിന് പിന്നാലെ തുടർ പരീക്ഷ റദ്ദാക്കി റിപ്പോർട്ട് തേടിയതാകട്ടെ വിദ്യാഭ്യാസ മന്ത്രിയും. എന്നാൽ റിപ്പോർട്ട് പരീക്ഷയെ ന്യായികരിച്ചുള്ളതെന്നാണ് വിചിത്രം. മത – രാഷ്ട്രീയ അജണ്ട കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. അധ്യാപക സംഘടനകള്‍ നിർദേശിക്കുന്ന പരിപാടികള്‍ക്ക് സാധാരണ അനുമതി നല്കാറുണ്ടെന്ന ന്യായീകരണവും റിപ്പോർട്ടിലുണ്ട്.
യുറേക്ക, അക്ഷരമുറ്റം, സി എച് പ്രതിഭ ക്വീസ് എന്നിവക്ക് അംഗീകാരം നൽകി വരുന്നെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. ഇതോടെ പരീക്ഷ റദ്ദാക്കിയ നടപടിക്ക് എതിരെ കോടതിയിൽ പോകാനാണ് അധ്യാപക പരിഷത്തിൻ്റെ തീരുമാനം. കൂടാതെ സംഭവം ചുണ്ടിക്കാട്ടി കേന്ദ്രത്തിനും പരാതി നൽകി. അതേസമയം പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ചില വിയോജിപ്പുകൾ തുടരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.


































