ലീഡർ കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ ബിജെപി വിട്ടു. പദവികൾ ലഭിക്കാത്തതിന്റെ പേരിലല്ല രാജിയെന്നും തെറ്റ് തിരുത്തുകയാണെന്നും പത്മജ വ്യക്തമാക്കി. തീരുമാനം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയാണെന്നും അവർ പറഞ്ഞു.
അതേസമയം, പത്മജയുടെ തീരുമാനത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മുരളീധരൻ തയാറായില്ല. പാർട്ടി നേതൃത്വവുമായി സംസാരിക്കാനാണ് അദ്ദേഹം നിർദേശിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പത്മജയെ കേന്ദ്രസർക്കാർ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പത്മജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയായി രണ്ടുതവണ മത്സരിച്ചപ്പോൾ നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടിരുന്നത്. എന്നാൽ ബിജെപി സ്ഥാനാർഥിയായുള്ള ആദ്യ മത്സരത്തിൽ വിജയത്തിനടുത്തുപോലും എത്താനായില്ല.
പത്മജ വേണുഗോപാൽ ബിജെപി വിട്ടു
Advertisement




























