കൊച്ചി.ശബരിമല സ്വർണക്കൊള്ളക്കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപപാളി കേസുകളിലെ അന്വേഷണ പുരോഗതിയും കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസവും കോടതി പരിശോധിക്കും. കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ലെന്നാണ് എസ്‌ഐടിയുടെ വിശദീകരണം. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ചുമതലയേൽക്കാത്തതാണ് നടപടികൾ വൈകാൻ കാരണമെന്നും എസ്‌ഐടി അറിയിച്ചിരുന്നു.
ലീഗൽ അഡ്വൈസറെ ചുമതലപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ അനുമതിക്കുള്ള നടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ദ്വാരപാലക ശിൽപപാളി കേസിൽ നവംബർ 25നകം അന്വേഷണം പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശമുണ്ട്.


































