തിരുവനന്തപുരം. മന്ത്രി മന്ദിരങ്ങളെ എന്തു ചെയ്യണം? കോടികൾ മുടക്കി നിലനിർത്തണോ? അതോ പുതിയതു പണിയുന്നതാണോ ലാഭം? ഈ സർക്കാർ അധികാരമേറ്റശേഷം തന്നെ നാലു കോടി രൂപയാണ് ഒൻപതു മന്ത്രി മന്ദിരങ്ങളിൽ മാത്രമായി ചെലവഴിച്ചത്. ഒന്നും രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് ഇതേ മന്ദിരങ്ങൾക്കായി 12 കോടിയും ചെലവഴിച്ചു.
മന്ത്രി മന്ദിരങ്ങളിൽ നടക്കുന്നതൊന്നും മോടി പിടിപ്പിക്കലല്ല, അവശ്യം വേണ്ട അറ്റകുറ്റപ്പണികളാണ്. ഇങ്ങനെ പറഞ്ഞത് മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ അല്ല. പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഇതുമാത്രമല്ല കന്‍റോൺമെന്‍റ് ഹൌസിലേക്കു താമസം മാറ്റാത്തതിനുള്ള കാരണവും പറഞ്ഞു.
കന്‍റോൺ മെന്‍റ് ഹൌസിൽ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ തന്‍റെ തലയിൽ ഇടുമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇത്രകാലവും അത് അറ്റകുറ്റപ്പണി നടത്താതെ ഇരിക്കുകയായിരുന്നോ? 2006 മുതൽ 2011 വരെ ഉമ്മൻചാണ്ടി അവിടെ താമസിച്ചപ്പോൾ അറ്റകുറ്റപ്പണിക്കായി 11 ലക്ഷം രൂപ മാത്രമാണ് മുടക്കിയത്. എന്നാൽ വി എസ് അച്യുതാനന്ദൻ താമസിച്ച 2011-2016 കാലത്ത് 82.29 ലക്ഷം രൂപയാണ് ചെലവഴിച്ചത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 28 ലക്ഷവും വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 22.5 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ആ കെട്ടിടം താമസ യോഗ്യമല്ലെങ്കിൽ എന്താണ് വേണ്ടത്. ഇപ്പോൾ അവിടെ നടക്കുന്ന അറ്റകുറ്റപ്പണിക്കായി എത്രയാണ് മുടക്കുന്നത് എന്നതിൽ ഊഹമില്ല. പക്ഷേ, കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയൻ പറയുന്നത് നടക്കുന്നത് അത്യാവശ്യ അറ്റുകുറ്റപ്പണികളാണെന്നാണ്. അങ്ങനെയെങ്കിൽ ക്ലിഫ് ഹൌസ് നോക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ ആ അത്യാവശ്യമുള്ള പണികൾ ഏതൊക്കെയായിരുന്നു എന്നു കാണാം. 2021–2023 കാലയളവിൽ 1.80 കോടിയിലധികം രൂപയുടെ നിർമ്മാണങ്ങളാണ് നടത്തിയത്. മുറികൾ നന്നാക്കാൻ 98 ലക്ഷം, കാലിത്തൊഴുത്തിന് 23.98 ലക്ഷം, ലിഫ്റ്റിന് 17 ലക്ഷം, സ്വിമ്മിങ് പൂളിന് 31.92 ലക്ഷം, പെയിന്റിംഗിന് 12 ലക്ഷംഎന്നിങ്ങനെ. ഇതിൽ ഏതൊക്കെയായിരുന്നു അത്യാവശ്യം?
ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇപ്പോഴത്തെ മന്ത്രിമാർ ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുക കൂടി കേൾക്കാം. നെസ്റ്റ്, എൻ ഷംസുദ്ദീൻ-40.67 ലക്ഷം; ഉഷസ്, പി കെ ബഷീർ-40.3 ലക്ഷം; പെരിയാർ, മോൻസ് ജോസഫ് – 31.26 ലക്ഷം, പൌർണമി, കെ എം ഷാജി-40.81 ലക്ഷം; പമ്പ, രമേശ് ചെന്നിത്തല – 31.43 ലക്ഷം; കവടിയാർ ഹൌസ്, വി ഇ അബ്ദുൽ ഗഫൂർ – 40.06 ലക്ഷം; മൻമോഹൻ ബംഗ്ളാവ്, ഒ ജെ ജനീഷ്-81.06 ലക്ഷം; ഗംഗ, ടി സിദ്ദിഖ്-31.53 ലക്ഷം; അജന്ത, എം ലിജു-58.74 ലക്ഷം.





























