ശാസ്താംകോട്ട. വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ വീഡിയോയും ചിത്രങ്ങളും അടക്കം കാണിച്ച് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് റെയിൽവേയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം റെയിൽവേ ബോർഡിന് കൈമാറുകയും, തുടർന്ന് റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ആവശ്യമായ നടപടികൾക്കായി നിർദ്ദേശം നൽകിയതായും എം.പി. പറഞ്ഞു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതായി എം.പി. ചൂണ്ടിക്കാട്ടി. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.
ഇതിന് അടിയന്തര പരിഹാരമായി വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ സർവീസ് ആരംഭിക്കണമെന്നായിരുന്നു എം.പി.യുടെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകിട്ട് ഏകദേശം 4 മണിയോടെ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിൽ, വേണാട് എക്സ്പ്രസ്സിന് മുമ്പായി ഒരു പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
പുതിയ സർവീസിനായി MEMU അല്ലെങ്കിൽ ICF കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് റെയിൽവേ പരിശോധിക്കുന്നത്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സർവീസിന്റെ കൃത്യമായ സമയക്രമം, റേക്കിന്റെ ലഭ്യത, റൂട്ടും പുനലൂർ വരെ നീട്ടുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ക്രമീകരണങ്ങളും സതേൺ റെയിൽവേയുടെ തലത്തിൽ പരിശോധിച്ചുവരികയാണ്.
വേണാട് എക്സ്പ്രസ്സിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, മേഖലകളിലേക്കുള്ള സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.
റെയിൽവേ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതിനകം തന്നെ റെയിൽവേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും ബോർഡിൽ നിന്ന് സതേൺ റെയിൽവേയ്ക്ക് തുടർനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ, പദ്ധതി ഇനി സമയബന്ധിതമായി യാഥാർഥ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് എം.പി. വ്യക്തമാക്കി.
യാത്രക്കാരുടെ ദീർഘകാല ആവശ്യമായ അധിക ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നതുവരെ റെയിൽവേ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് തുടർനടപടികൾ ഉറപ്പാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. വേണാട് എക്സ്പ്രസ്സിലെ യാത്രാദുരിതത്തിന് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, എറണാകുളം–കോട്ടയം–കൊല്ലം–പുനലൂർ റൂട്ടിലെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ ട്രെയിൻ സർവീസുകളും കോച്ച് വർധനയും ഉൾപ്പെടെയുള്ള സ്ഥിരം പരിഹാരങ്ങൾക്കായി ഇടപെടൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




































