ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖലയുടെ നേതാവായ യുവതിയും കൂട്ടാളിയും അറസ്റ്റില്‍. ഡല്‍ഹി മുതല്‍ രാജസ്ഥാന്‍ വരെ നീണ്ടു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയെ നിയന്ത്രിക്കുന്ന, 42 വയസ്സുകാരിയായ പാര്‍വതി, അംഗരക്ഷകന്‍ വികാസ് കുമാര്‍ എന്ന ഷാനു എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും വന്‍തോതില്‍ പണവും സ്വര്‍ണവും ഹെറോയിനും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
വടക്കന്‍ ഡല്‍ഹിയിലെ ബവാനയിലുള്ള ന്യൂ സനോത്ത് കോളനിയിലെ വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വീടിന്റെ രണ്ടാം നിലയില്‍ നടത്തിയ പരിശോധനയില്‍ 1.5 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു. ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു ടാറ്റാ ഹാരിയര്‍ കാറും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പാര്‍വതി ഒരു വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പാര്‍വതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 64.62 ലക്ഷം രൂപ, 355 ഗ്രാം സ്വര്‍ണ്ണം, 161 ഗ്രാം വെള്ളി, നാല് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ രേഖകള്‍, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് പണവും ആഭരണങ്ങളും സ്വത്തുക്കളും സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്നും 1.204 കിലോഗ്രാം ഹെറോയിനും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് 1.5 കോടിയിലധികം രൂപ വിലമതിക്കുമെന്ന് പൊലീസ് കണക്കാക്കുന്നു.


































