കോഴിക്കോട്: സിപിഎം വേദിയിലെ വിവാദ വഖഫ് പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തെ സമസ്ത മുശാവറയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യും. ഇന്ന് ചേരുന്ന മുശാവറ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. വഖഫ് ബോര്‍ഡില്‍ ആര്‍എസ്എസ് അംഗങ്ങളെ ചേര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം. മലപ്പുറത്തെ സിപിഎം വഖഫ് വിശദീകരണ യോഗത്തിലായിരുന്നു പരാമര്‍ശം.
സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാറിനും മുസ്‌ലിം ലീഗിനുമെതിരെയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഉമര്‍ ഫൈസി മുക്കം വിവാദ പരാമര്‍ശം നടത്തിയത്. വ്യാജ പ്രചാരണത്തിന് മുക്കം ഉമര്‍ ഫൈസി സമസ്ത പദവി ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി ഉയര്‍ന്നത്. ഈ പരാതിയിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. ലീഗ് അനുകൂലികളെയും പദവികളില്‍ നിന്നും നീക്കും. നാസര്‍ ഫൈസി കൂടത്തായി, എംസി മായീന്‍ ഹാജി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്യും. സമസ്ത നേതൃത്വത്തിനെതിരെ പ്രചാരണം നടത്തി എന്ന പരാതിയിലാണ് നടപടി എടുക്കുക. അതേസമയം, എം ടി അബ്ദുള്ള മുസ്ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി ആകും. ആലിക്കുട്ടി മുസ്ലിയാര്‍ മരിച്ച ഒഴിവിലാണ് നിയമനം.


































