26.4 C
Kollam
Monday 21st September, 2026 | 10:25:25 PM
Home News Kerala ലേബർ കോഡ് കേരളത്തിൽ അതേപടി നടപ്പാക്കാനുള്ള യു.ഡി.എഫ് നീക്കം തൊഴിലാളി വഞ്ചന: മന്ത്രി വി ശിവൻകുട്ടി

ലേബർ കോഡ് കേരളത്തിൽ അതേപടി നടപ്പാക്കാനുള്ള യു.ഡി.എഫ് നീക്കം തൊഴിലാളി വഞ്ചന: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പാസാക്കിയ കടുത്ത തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേരളത്തിൽ അതേപടി നടപ്പിലാക്കാൻ ആവേശം കാണിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും നടപടി തികഞ്ഞ ഇരട്ടത്താപ്പും തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയുമാണെന്ന് മുൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലേബർ കോഡുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഉയർന്നപ്പോൾ തന്നെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി വലിയ വിമർശനം അഴിച്ചുവിട്ടവരാണ് കോൺഗ്രസ് നേതാക്കൾ. അന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്ന കത്തെഴുതി രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നു. “അതീവ രഹസ്യമായി ലേബർ കോഡിന് ചട്ടങ്ങൾ രൂപീകരിച്ച് മുന്നോട്ട് പോകുന്നത് ആരെ പേടിച്ചാണ്?” എന്നൊക്കെ ചോദിച്ച് ഒച്ചപ്പാടുണ്ടാക്കിയവർ, ഇന്ന് സ്വന്തം സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ബി.ജെ.പിയുടെ അതേ തൊഴിലാളി വിരുദ്ധ പാതയിൽ അതിവേഗം സഞ്ചരിക്കുകയാണ്.

കേന്ദ്ര നിയമത്തിലെ ജനവിരുദ്ധ വ്യവസ്ഥകളെ മറികടക്കാനും കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കാനുമാണ് എൽ.ഡി.എഫ് സർക്കാർ നിരന്തരം ശ്രമിച്ചത്. ലേബർ കോഡിന്റെ ആഘാതം ആഴത്തിൽ പഠിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കാനാണ് എൽ.ഡി.എഫ് സർക്കാർ ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതിയെ നിയോഗിച്ചത്. എന്നാൽ തൊഴിലാളി സംരക്ഷണത്തിനായുള്ള ഈ നിർണ്ണായക സമിതി റിപ്പോർട്ട് നിലവിലെ യു.ഡി.എഫ് സർക്കാർ പൂർണ്ണമായും പൂഴ്ത്തിവെച്ചിരിക്കുകയാണ്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ അതിവേഗം പ്രാഥമിക രൂപരേഖ തയ്യാറാക്കി മുന്നോട്ട് പോകുന്നത് കേന്ദ്രത്തിലെ സംഘപരിവാർ ഭരണകൂടത്തെ പ്രീണിപ്പിക്കാൻ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല.

അന്ന് കോൺഗ്രസ് നേതാക്കൾ ഉയർത്തിയ ചോദ്യങ്ങൾ ഇന്ന് യു.ഡി.എഫിനോടും കെ.സി. വേണുഗോപാലിനോടും തിരിച്ചു ചോദിക്കുകയാണ്— തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നിയമം നടപ്പിലാക്കാൻ യു.ഡി.എഫ് സർക്കാർ കാണിക്കുന്ന ഈ തിടുക്കം ആരെ തൃപ്തിപ്പെടുത്താനാണ്? മുൻപ് ഉന്നയിച്ച എതിർപ്പുകളൊക്കെ വെറും രാഷ്ട്രീയ പ്രഹസനമായിരുന്നോ എന്ന് കോൺഗ്രസ് നേതൃത്വം ജനങ്ങളോട് വ്യക്തമാക്കണമെന്നും മുൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here