തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ഇടക്കാല ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് സിഐടിയു. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ച ജനപക്ഷ ബദൽ നയങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമിയും ജലവും മനുഷ്യവിഭവ ശേഷിയും സ്വകാര്യമേഖലയ്ക്ക് കയ്യടക്കാനുള്ള എല്ലാ മാർഗവും ബജറ്റിലൂടെ തുറന്നുവെക്കുകയാണെന്ന് സിഐടിയു വിമർശിച്ചു.
മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരമേഖലയെ പിപിപി മാതൃകയിൽ സ്വകാര്യ കച്ചവടക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ്. ഭൂപരിഷ്കരണം എന്ന പേരിലുള്ള നിർദേശം കേരളക്കരയുടെ വിലപ്പെട്ട ഭൂമി സ്വകാര്യ മുതലാളിമാർക്ക് സ്വന്തമാക്കാനുള്ള മാർഗമാണ്. പൊതുമേഖലയിലുള്ള കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ബദലായി കേരളത്തിൽ സ്വകാര്യ കപ്പൽ നിർമ്മാണത്തിന് ബജറ്റ് അനുവാദം നൽകുന്നുവെന്നും സിഐടിയു ആരോപിച്ചു.
1500 കോടി രൂപ ചെറുകിട, വൻകിട, ഐടി വ്യവസായങ്ങൾക്കാകെ വകയിരുത്തുമ്പോൾ, സംസ്ഥാന പൊതുമേഖലയ്ക്കായി ബജറ്റിൽ ഒരു നയാപൈസയും പ്രത്യേകമായി വകയിരുത്തുന്നില്ല. ഇതാദ്യമായാണ് പൊതുമേഖലാ വ്യവസായങ്ങൾക്ക് ചില്ലി കാശ് മാറ്റിവെക്കാത്ത ബജറ്റ് അവതരിപ്പിക്കുന്നത്. യുഡിഎഫ് ധവള പത്രത്തിലെ പൊതുമേഖലയെ അടച്ചുപൂട്ടാനും സ്വകാര്യവൽക്കരിക്കുവാനുമുള്ള വിരൽ ചൂണ്ടൽ, വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് വ്യക്തമാകുന്നുവെന്നും സിഐടിയു അഭിപ്രായപ്പെട്ടു.
ബജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലും ലാഭത്തിൽ പ്രവർത്തിക്കുന്ന ടെൽക്, കെഎംഎംഎൽ, ടിസിസി, ട്രാക്കോ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ വസ്തുതപരമല്ലാത്ത ആരോപണങ്ങളുമായി രംഗത്തെത്തി. മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന മേൽ സ്ഥാപനങ്ങളടക്കം 30 ഓളം സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങൾ എൽഡിഎഫ് ഭരണകാലത്ത് മികച്ച ലാഭത്തിൽ ആവുകയും ഉൽപാദനം വർദ്ധിപ്പിച്ചതും പുതിയ ഓർഡറുകൾ കരസ്ഥമാക്കിയതും വിറ്റ് വരവിൽ റെക്കോർഡ് ഭേദിച്ചതും ഇവിടങ്ങളിൽ തൊഴിലാളി നേതാവ് ആണെന്ന് മേനിനടിക്കുന്ന വി ഡി സതീശൻ അറിഞ്ഞില്ലെന്നാണോ എന്നും സിഐടിയു ചോദിച്ചു.
ഓർഡിനറി ബസുകളുടെ സൗജന്യത്തിന് 800 കോടി വേണമെന്ന മന്ത്രിയുടെ ആവശ്യം തള്ളി 600 കോടി മാത്രം വകയിരുത്തിയത്, സ്ത്രീകളുടെ സൗജന്യ യാത്ര മുട്ടിക്കാനോ ഓർഡിനറി ബസ്സുകൾ കുറയ്ക്കാനോ കെഎസ്ആർടിസി കട്ട പുറത്താക്കാനോ ആണ്. ജല അതോറിറ്റിക്കും വൈദ്യുതി ബോർഡിനും എൽഡിഎഫ് സർക്കാർ അനുവദിച്ച പണം പോലും അനുവദിച്ചിട്ടില്ല. പരമ്പരാഗത മേഖലയായ കശുവണ്ടി, കയർ, കൈത്തറി, തോട്ടം, മത്സ്യബന്ധനം, തുടങ്ങിയ മേഖലകൾക്കാകെ എൽഡിഎഫ് സർക്കാർ നൽകിയ പരിഗണനയോ പര്യാപ്തമായ ഫണ്ടോ യുഡിഎഫ് ബജറ്റുകളിൽ നീക്കിവെച്ചിട്ടില്ല, മാത്രമല്ല, എൽഡിഎഫ് സർക്കാർ നൽകിയ ഇൻകം സപ്പോർട്ട് സ്കീം തുടരുമെന്നല്ലാതെ പണം വകകൊള്ളിച്ചിട്ടില്ലെന്നും സിഐടിയു പറഞ്ഞു.
സ്കീം വർക്കർമാരായ ആശ, അംഗൻവാടി, സ്കൂൾപാചകം തുടങ്ങിയവയ്ക്ക് ബജറ്റിന് മുൻപ് പ്രഖ്യാപിച്ച പരിമിതമായ ഓണറേറിയത്തിന്റെ പണമല്ലാതെ ആശാ സമരകാലത്ത് വി ഡി സതീശൻ തന്നെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രഖ്യാപിച്ചതും യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചതുമായ 21,000 രൂപ ഓണറേറിയമോ, വിരമനാനുകൂല്യമോ ബജറ്റിൽ പരിഗണിച്ചിട്ടില്ല. സിഐടിയു സംഘടനയായ അംഗൻവാടി വർക്കേഴ്സ് ഫെഡറേഷൻ ഹൈക്കോടതിയിൽ പോയി നേടിയതും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുവദിക്കാം എന്ന് പറഞ്ഞതുമായ ഗ്രാറ്റിവിറ്റി തുക 26000ത്തോളം വരുന്ന അംഗൻവാടി പെൻഷൻകാർക്ക് എന്ന് നൽകുമെന്ന് ഒരു സൂചനയും ബജറ്റിലില്ല. അംഗൻവാടി പെൻഷൻ കുടിശ്ശിക അടയ്ക്കാനുള്ള പണം അനുവദിച്ചിട്ടില്ലെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്ക് സാധാരണ ബജറ്റിൽ അഞ്ച് ശതമാനം വേതനം എൽഡിഎഫ് സർക്കാർ വർധിപ്പിച്ചിരുന്നു. സതീശൻ സർക്കാർ കരാർ തൊഴിലാളികൾക്കായി ബജറ്റിൽ ഒരു തുകയും വർദ്ധിപ്പിച്ചിട്ടില്ല. സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പണം ബജറ്റിലില്ല. ലൈഫ് മിഷന് മരണവാറണ്ട് പുറപ്പെടുവിക്കുന്ന സൂചനകളും ബജറ്റിലുണ്ട്. സംസ്ഥാന പ്ലാനിങ് ബോർഡിനെ, കേന്ദ്രത്തിലെ നീതി ആയോഗ് പോലെ തിങ്ക് താങ്ക് ആക്കി ഏകാധിപത്യവൽക്കരിക്കുമെന്നും മൂലധന നിക്ഷേപത്തിന് ഏറെ സഹായകമായ കിഫ്‌ബിയെ പൊളിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരിക്കുന്നുവെന്ന് സിഐടിയു പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യവും ബജറ്റിൽ സൂചിപ്പിക്കുന്നില്ല. നിലവിലെ 21000 മിനിമം വേതനം തൊഴിലാളികൾക്കായി 26000 രൂപയാക്കണം എന്നതടക്കം സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഒരു പരിഗണനയും നൽകിയിട്ടില്ല. ബിജെപി ബജറ്റ് എന്നപോലെ തൊഴിലാളി എന്ന ഒരു പദം പോലും ഒരിടത്തും ഇല്ലാത്ത ബജറ്റ് പൊതുമേഖല വിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്നും സിഐടിയു കുറ്റപ്പെടുത്തി.




































