അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് വിധി. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് ശേഷം ശിക്ഷാവിധി ഉണ്ടാകുമെന്നാണ് വിവരം.
2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്.
2013ല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. വിചാരണ നീണ്ടുപോയതിനെ തുടര്‍ന്ന് എത്രയും വേഗം കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് അതിവേഗം പരിഗണിച്ചത്.
അതേസമയം തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നല്‍കിയ വിടുതല്‍ ഹരജി കോടതി തള്ളിയിരുന്നു.
കെഎസ്ആര്‍ടിസി എംഡി, ഫയര്‍ഫോഴ്‌സ് മേധാവി ഉള്‍പ്പെടെ കേരള പൊലീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി.




























