27.7 C
Kollam
Sunday 13th September, 2026 | 08:15:19 PM
Home News Breaking News നിയമോപദേശം ലഭിച്ചു,ഇഡിക്കെതിരെ പ്രതിഷേധത്തിന്റെ മൂര്‍ച്ചകൂടുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സിപിഎം നേതാക്കളെ പ്രതിയാക്കി കേസെടുക്കാന്‍ ഇഡി നീക്കം

നിയമോപദേശം ലഭിച്ചു,ഇഡിക്കെതിരെ പ്രതിഷേധത്തിന്റെ മൂര്‍ച്ചകൂടുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സിപിഎം നേതാക്കളെ പ്രതിയാക്കി കേസെടുക്കാന്‍ ഇഡി നീക്കം

കൊച്ചി.ഇഡിക്കെതിരെ പ്രതിഷേധത്തിന്റെ മൂര്‍ച്ചകൂടുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സിപിഎം നേതാക്കളെ പ്രതിയാക്കി കേസെടുക്കാന്‍ ഇഡി നീക്കം. പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ കേസെടുക്കാന്‍ തടസമില്ലെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചു. ഹെഡ്ക്വാട്ടേഴ്‌സിന്റെ അനുമതി കൂടി ലഭിച്ചാല്‍ കേസെടുത്ത് സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി.


സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഹമ്മദ് റിയാസിലേക്കടക്കം അന്വേഷണം നീങുന്നതിനിടെ ഇഡിക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങി കഴിഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ നേതാക്കളുടെ വാക്കുകളില്‍ വരാനിരിക്കുന്ന പ്രതിഷേധങ്ങളുടെ സൂചനയുണ്ട്.

ഇതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് കേസില്‍ പ്രതികളായ സിപിഎം നേതാക്കളുടെ പൊലീസ് സ്‌റ്റേഷനിലെ ഓണാഘോഷവും ഇഡിയെ ചൊടിപ്പിച്ചു. പൊലീസ് അന്വേഷണവും അട്ടിമറിക്കപ്പെട്ടുവെന്ന് ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡി സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങുന്നത്. ഇഡിക്ക് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മറ്റേതെങ്കിലും ഏജന്‍സികള്‍ കേസെടുക്കണം. മാത്രമല്ല എഫ്‌ഐആറിലടക്കം അടിസ്ഥാന കുറ്റകൃത്യം ഉള്‍പ്പെടുകയും വേണം. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വധശ്രമമടക്കമുള്ള വകുപ്പുകളാണ് സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വധശ്രമം അടിസ്ഥാന കുറ്റകൃത്യമായി പരിഗണിച്ച് ഇഡിക്ക് കേസെടുക്കാന്‍ മറ്റ് തടസങ്ങളില്ല. എന്നാല്‍ അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഇഡിക്ക് കോടതിയില്‍ നിന്നടക്കം തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്. വധശ്രമത്തില്‍ കേസെടുക്കാമെങ്കിലും ആ കുറ്റകൃത്യത്തിലൂടെ സാമ്പത്തിക നേട്ടമോ കള്ളപ്പണമിടപാടോ നടന്നിട്ടുണ്ടെങ്കില്‍ മാത്രമെ കേസ് നിലനില്‍ക്കൂ. ഇവിടെ അക്കാര്യം എങ്ങനെ ഇഡി ഉറപ്പിക്കുമെന്നതാണ് വെല്ലുവിളി.

സിപിഎം നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഇഡിയുടെ ലക്ഷ്യം. സിഎംആര്‍എല്‍ കേസിലടക്കം കൂടുതല്‍ രാഷ്ടീയ നേതാക്കളിലേക്കടക്കം വരും ദിവസങ്ങളില്‍ അന്വേഷണം എത്തും. പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടന്ന ഘട്ടത്തിലാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് സ്റ്റേഷനില്‍ തന്നെ ഓണാഘോഷത്തില്‍ പങ്കെടുത്ത് പ്രതികള്‍ അവരുടെ സ്വാധീനം വ്യക്തമാക്കി. പൊലീസില്‍ നിന്ന് തുടര്‍നടപടികളുണ്ടാകില്ലെന്നിരിക്കെയാണ് ഇഡി തന്നെ നേരിട്ട് നടപടിയിലേക്ക് കടക്കുന്നത്. കേസെടുത്ത് ആവശ്യമെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെയടക്കം ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കോടതിയില്‍ നിന്നുണ്ടാകാവുന്ന തിരിച്ചടികളടക്കം പരിശോധിച്ച ശേഷമാകും കേസെടുക്കുന്നതില്‍ ഹെഡ്ക്വാട്ടേഴ്‌സ് അനുമതി നല്‍കുക.