കൊച്ചി.സിഎംആർഎൽ എക്സാലോജിക് കള്ളപ്പണമിടപാട് കേസിൽ വീണയുടെ ലേക്കർ ഇന്ത്യ കമ്പനിയുടെ സമ്പത്തികയിടപാടുകൾ ദുരൂഹമെന്ന് ഇഡി. ഒറ്റമുറി ഓഫീസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഇടപാടുകളിൽ പരിശോധന തുടങ്ങി. കമ്പനിയിലെ ഓഹരി പങ്കാളി അനീസ് അറയ്ക്കലിനെ ചോദ്യം ചെയ്യും.
രേഖകൾ പ്രകാരം 2023 ഓഗസ്റ്റിലാണ് ലേക്കർ ഇന്ത്യ കമ്പനി പ്രവർത്തനം ആരംഭിച്ചത്. തുറക്കാത്ത ഒറ്റമുറിയിൽ പ്രവർത്തിചിരുന്ന കമ്പനിയിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ. വീണയ്ക്ക് കമ്പനിയിൽ പതിനൊന്ന് ലക്ഷം രൂപയുടെ നിക്ഷേപമെന്ന് ഭർത്താവ് മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവങ്ങ്മൂലത്തിലുണ്ട്. എന്നാൽ ഓഫീസുപോലും തുറക്കാത്ത സ്ഥാപനത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പതിനഞ്ച് ലക്ഷം രൂപ. കഴിഞ്ഞ വർഷങ്ങളിൽ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയെന്നാണ് ജിഎസ്ടി രേഖകൾ. ഒരു ഓഫീസുപോലും തുറക്കാതെ ഇതെങ്ങനെ നടന്നുവെന്നാണ് ഇഡിയുടെ അന്വേഷണം. ലേക്കർ ഇന്ത്യ ഷെൽ കമ്പനിയെന്ന നിഗമനത്തിലാണ് ഇഡി. കള്ളപ്പണം വെളുപ്പിക്കലിന് കമ്പനി മറയാക്കിയെന്ന് ഇഡി സംശയിക്കുന്നു. കോഴിക്കോട്ടെ ഡോക്ടർ അനീസ് അറയ്ക്കലാണ് വീണയുടെ ഓഹരി പങ്കാളി. എന്നാൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് വീണയാണ്. അനീസിനെ ചോദ്യം ചെയ്യുന്നതോടെ കമ്പനിയുടെ ഇടപാടുകളിൽ കൂടുതൽ വ്യക്തത വരും. ഇതിനു ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യും. മുഹമ്മദ് റിയാസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അനീസ്.
അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യയുടെ ഓഫീസ് പ്രവർത്തിച്ചത് തദ്ദേശവകുപ്പിന്റെ ലൈസൻസ് ഇല്ലാതെ. ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ വരുന്ന ഓഫീസിന് പഞ്ചായത്തിന്റെ പ്രവർത്തനാനുമതിയോ വ്യാപാര ലൈസൻസോ ഇല്ല . ലൈസൻസിനുള്ള അപേക്ഷ രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഒളവണ്ണ പഞ്ചായത്ത് തിരിച്ചയച്ചു.
അപേക്ഷ നിരസിക്കാൻ കാരണം വാടക കരാറിൽ വീണയുടെ പേര് ഇല്ലാത്തത്. കമ്പനി രേഖകളിൽ ലേക്കർ ഇന്ത്യയുടെ പാർട്ണർമാർ ടി. വീണയും ഡോ. അനീസ് കോടമ്പിയത്തും ആണെങ്കിലും വാടകക്കരാറിലുള്ളത് അനീസ് മാത്രം. വ്യാപാര ലൈസൻസ് ഇല്ലാതെ മൂന്ന് വർഷം പ്രവർത്തിച്ചിട്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്ത് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ചോദ്യം. അന്വേഷിക്കുമെന്ന് മന്ത്രി കെ എം ഷാജി.
































