കരുനാഗപ്പള്ളി സഹോദയ സ്കൂൾ സർഗോത്സവം ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേജിതര മത്സരങ്ങൾ ചൊവ്വാഴ്ച കിഴവൂർ ശ്രീനാരായണ പബ്ലിക് സ്കൂളിലും, വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലുമായി നടക്കും. കലാ മത്സരങ്ങൾ കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. ദേശിങ്ങനാട് സഹോദയ സ്കൂൾ കോംപ്ലക്സിൽ ഉൾപ്പെടുന്ന 24 സ്കൂളുകളിൽ നിന്നായി 4000 ത്തോളം വിദ്യാർഥികൾ 150 ഓളം ഇനങ്ങളിൽ മാറ്റുരയ്ക്കും. വ്യാഴാഴ്ച രാവിലെ 9ന് ശ്രീബുദ്ധ സെന്റർ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ശ്രീബുദ്ധ ഫൗണ്ടേഷൻ ചെയർമാൻ കെ ശശികുമാർ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ വിജയകുമാർ അധ്യക്ഷനാകും. തുടർന്ന് വിവിധ വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറും.
വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സി ആര്‍ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം പ്രമിൽ സിദ്ധാർത്ഥ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. മത്സരങ്ങളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾ നവംബർ 11 മുതൽ 16 വരെ നടക്കുന്ന സംസ്ഥാന സഹോദയ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടും. കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എം എസ് സുഭാഷ്, കെ വിജയകുമാർ,ജി യതീഷ് തുടങ്ങിയവർ പങ്കെടുത്തു



































