കുറ്റാന്വേഷണം നടത്തേണ്ട പൊലീസ് സ്റ്റേഷൻ പൂജാവേദിയായി. ഒന്നര മാസമായി കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താനാകാതെ വന്നതോടെ തമിഴ്‌നാട്ടിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ ഗണപതിഹോമം നടത്തി. വിഴുപ്പുറം ജില്ലയിലെ സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് കാക്കിയണിഞ്ഞ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് പൂജ നടത്തിയത്.
ഒക്ടോബർ 12നാണ് പ്രദേശവാസിയായ ഏഴുവയസുകാരി ഹേമാവതിയെ കാണാതായത്. ജന്മദിനാഘോഷത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ ഉണർന്നുനോക്കിയപ്പോൾ കാണാനില്ലായിരുന്നു. വീടിനും പരിസരത്തും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും എട്ടു സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ പ്രദേശത്തുനിന്ന് ഒരു അസ്ഥികൂടം കണ്ടെത്തിയെങ്കിലും അതേക്കുറിച്ചുള്ള അന്വേഷണത്തിലും പൊലീസിന് തുമ്പുണ്ടാക്കാനായില്ല. കുട്ടിയെ കാണാതായി ഒന്നര മാസമായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. ഡിഎംകെയുടെ നേതൃത്വത്തിലും പ്രതിഷേധം ഉയർന്നതോടെയാണ് എസ്ഐയുടെ നേതൃത്വത്തിൽ ഗണപതിഹോമം നടത്തിയത്.
കുട്ടിയുടെ ബന്ധുക്കളെയും പൂജയിൽ പങ്കെടുപ്പിച്ചു. എസ്ഐയും മറ്റ് ഉദ്യോഗസ്ഥരും ഹോമകുണ്ഡത്തിനു ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക പ്രാർഥനകളും നടത്തി.
തനിക്കുമേൽ കടുത്ത സമ്മർദമുണ്ടെന്നും പൊലീസ് സ്റ്റേഷനിലും പരിസരത്തും ചില പ്രശ്നങ്ങളുണ്ടെന്നും പൂജ നടത്തിയ എസ്ഐ സുരേഷ് ബാബു പ്രതികരിച്ചു. ദോഷങ്ങൾ മാറ്റാനാണ് ഗണപതിഹോമം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തേണ്ട പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തന്നെ പൂജ നടത്തിയതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാനുള്ള നീക്കത്തിലാണ് ഡിഎംകെ.
കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ ഗണപതിഹോമം; പൂജ നടത്തി എസ്ഐയും സംഘവും
Advertisement




























