30.3 C
Kollam
Tuesday 6th October, 2026 | 07:15:22 PM
Home News Breaking News കളമശേരി കൂട്ടബലാത്സംഗം: ‘ഭർത്താവിനെപ്പോലും തിരിച്ചറിയുന്നില്ല’; യുവതിയുടെ നില ഗുരുതരം

കളമശേരി കൂട്ടബലാത്സംഗം: ‘ഭർത്താവിനെപ്പോലും തിരിച്ചറിയുന്നില്ല’; യുവതിയുടെ നില ഗുരുതരം

കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി കടുത്ത ശാരീരിക-മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭർത്താവ്. കൊടിയ മർദനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായ യുവതി ഇപ്പോൾ ചികിത്സയിലാണ്. തന്നെപ്പോലും തിരിച്ചറിയാത്ത അവസ്ഥയിലാണ് യുവതിയെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സ്പായിൽ ജോലിക്കെന്ന പേരിലാണ് വെള്ളിയാഴ്ച രാവിലെ യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ചത്. അഭിമുഖത്തിന് ശേഷം യുവതിയെ പറഞ്ഞയച്ചു. പിന്നീട് ജോലിക്ക് എടുത്തതായി അറിയിച്ച് സംഘത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി വൈകിട്ട് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഘം അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജിലെത്തിയത്.

തുടർന്ന് ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി ബോധരഹിതയാക്കിയെന്നും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമാണ് പരാതി. ശനിയാഴ്ച വൈകിട്ട് ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് യുവതി സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്.

രാത്രി വീട്ടിലെത്തിയപ്പോൾ മുഖത്തിന്റെ ഇരുവശത്തും വീക്കവും പൊട്ടലുമുണ്ടായിരുന്നെന്നും പിന്നീട് യുവതി സംഭവിച്ച കാര്യങ്ങൾ വിവരിച്ചെന്നും ഭർത്താവ് പറഞ്ഞു. ഫോണിലെ ചാറ്റുകളും ഫോട്ടോകളും യുവതി കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.

സംഭവത്തിൽ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാർത്തികപ്പള്ളി എസ്.ആർ. നിവാസിൽ ഇരിക്കാവ് ശ്രീരാജ് (30), നാലാം പ്രതി തൃക്കാക്കര നോർത്ത് തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവർ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതി വയനാട് സ്വദേശിനി അമ്മുവും മൂന്നാം പ്രതി സഞ്ജുവും ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here