തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ആറുമാസത്തെ അവധി അനുവദിച്ചു. നിലവിൽ വിയ്യൂർ ജയിലിലുള്ള സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്ത സാഹചര്യത്തിലാണ് അവധി അനുവദിച്ചത്.
സുഗതന്റെ അവധി അപേക്ഷ 51 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാസായത്. മേയർ വി.വി. രാജേഷ് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി അവധി അപേക്ഷയെ അനുകൂലിച്ചു. യുഡിഎഫ് വിമതൻ സുധീഷും സ്വതന്ത്ര കൗൺസിലർ എം. രാധാകൃഷ്ണനും അപേക്ഷയെ പിന്തുണച്ചു.
അവധി അപേക്ഷ പാസായതിന് പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ച് നടപടികളിൽ എതിർപ്പ് രേഖപ്പെടുത്തി.
Also Read:
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിനെ പ്രതിനിധീകരിക്കുന്ന ബിജെപി കൗൺസിലറാണ് ആർ. സുഗതൻ. കാപ്പാ കേസിൽ അറസ്റ്റിലായ അദ്ദേഹം നിലവിൽ വിയ്യൂർ ജയിലിലാണ്.
അതേസമയം, ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിൽവെച്ചാണ് സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

































