തൃശ്ശൂർ: ട്രെയിൻ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് അപകടത്തിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ പൊലീസും ആർപിഎഫും. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് സിപിഒ വിനോദും ആർപിഎഫ് ഉദ്യോഗസ്ഥൻ സന്തോഷും അതിവേഗം ഇടപെട്ട് യുവതിയെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ നിന്ന് പിടിച്ചുവലിച്ച് സുരക്ഷിതയാക്കി.
Also Read:
സെക്കന്തരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയ ശേഷമാണ് യുവതി ഓടിയെത്തി കയറാൻ ശ്രമിച്ചത്. ഇതിനിടെ ബാലൻസ് നഷ്ടപ്പെട്ട് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ട്രെയിൻ പൂർണമായും നിർത്തിയ ശേഷമേ യാത്രക്കാർ കയറാനോ ഇറങ്ങാനോ പാടുള്ളുവെന്ന് റെയിൽവേ അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നത് ജീവന് ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




























