26.5 C
Kollam
Wednesday 16th September, 2026 | 07:25:24 AM
Home News Breaking News ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക്

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക്

കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങും. സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ മത്സ്യബന്ധന സീസണിനെ വരവേൽക്കുന്നത്.
കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണി, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി.
ഇന്ന് രാവിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും. രാത്രി 12 മണിക്ക് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ പാലത്തിൽ സ്ഥാപിച്ചിരുന്ന ചങ്ങല മാറ്റി ബോട്ടുകൾ കടലിലേക്ക് യാത്രതിരിക്കും.
മത്സ്യബന്ധനത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഐസ് പ്ലാന്റുകളും മറൈൻ ഇന്ധന പമ്പുകളും പൂർണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾക്കാവശ്യമായ ഐസും ഇന്ധനവും വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. പുതിയ സീസൺ മികച്ച മത്സ്യലഭ്യതയും സാമ്പത്തിക നേട്ടവും സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.