തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന യുഡിഎഫ് സർക്കാരിന്റെ പ്രചരണംവും പൊളിയുന്നു. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടുകയോ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മാത്രമാണ് പ്രശ്നമെന്ന് കേന്ദ്രം പറയുന്നു. മുസ്ലീം ലീഗ് എംപി അബ്ദുൾ വാഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധ്‌രിയാണ് മറുപടി നൽകിയത്. കേരളം സ്കൂളുകളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ലെന്നും ജയന്ത് ചൗധരി വ്യക്തമാക്കി. കേരളത്തിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ കോൺഗ്രസും യുഡിഎഫും നടത്തുന്ന നുണപ്രചരണം പൊളിക്കുന്നതാണ് രാജ്യസഭയിൽ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള മറുപടി.
കേരളത്തിൽ എൽഡിഎഫ് സർക്കാരാണ് പിഎം ശ്രീ നടപ്പാക്കിയതെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നുണപ്രചരണവും പൊളിഞ്ഞിരുന്നു. സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയിൽ ഒറ്റ സ്‌കൂൾ പോലും തെരഞ്ഞെടുത്തിട്ടില്ലെന്ന് ജെബിമേത്തർ എംപിയുടെ ചോദ്യത്തിന് ജയന്ത് ചൗധ്‌രി മറുപടി നൽകി. 35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 13,902 സ്‌കൂളുകളെ പിഎം സ്‌കൂളുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിൽ ഒറ്റ സർക്കാർ സ്‌കൂളിനെ പോലും പിഎം ശ്രീ സ്‌കൂളായി തെരഞ്ഞെടുത്തിട്ടില്ല. പിഎം ശ്രീ സ്‌കൂളുകളായി തെരഞ്ഞെടുക്കപ്പെട്ട 47 സ്‌കൂളുകളും കേന്ദ്രസർക്കാരിന് കീഴിലുള്ളവയാണെന്നും കേന്ദ്രസർക്കാർ കോൺഗ്രസ് എംപിയെ അറിയിച്ചു.


































