26 C
Kollam
Sunday 6th September, 2026 | 06:30:34 AM
Home News Kerala വൈക്കത്ത് പുരാതന ഇല്ലത്തു നിന്ന് മോഷ്ടിച്ച മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം ഒളിപ്പിച്ചത് തോട്ടില്‍

വൈക്കത്ത് പുരാതന ഇല്ലത്തു നിന്ന് മോഷ്ടിച്ച മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം ഒളിപ്പിച്ചത് തോട്ടില്‍

കോട്ടയം. വൈക്കത്ത് പുരാതന ഇല്ലത്തു നിന്ന് മോഷ്ടിച്ച മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കള്ളൻ ഒളിപ്പിച്ചത് തോട്ടിൽ. കള്ളനെ പൊക്കിയ പോലീസ് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ വിഗ്രഹം കണ്ടെടുത്തു. തോട്ടിൽ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി ഇട്ട നിലയിലായിരുന്നു വിഗ്രഹം…

. നടുതുരുത്തേൽ സ്വദേശി വിഷ്ണു തിലകനും സംഘവും ഇടവട്ടത്തെ ഇല്ലത്ത് മോഷണം നടത്തിയത് ഈ മാസം 9 ന്. 300 ലധികം വർഷം പഴക്കമുള്ള ശാസ്തവിഗ്രഹവും ഓട്ടു പാത്രങ്ങളുമെല്ലാം മോഷ്ടിച്ചു കടന്ന് കളഞ്ഞു. ഇല്ലത്തെ ക്ഷേത്രത്തിലെ മൂലബിംബം മോഷ്ടിക്കാൻ സംഘം ആസൂത്രിതമായി എത്തിയതായിരുന്നു.

തലയോലപ്പറമ്പ് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞു. അതിനിടെ പ്രധാന പ്രതി കീഴടങ്ങി. കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തതോടെ ഓട്ടുപാത്രങ്ങൾ കണ്ടെടുത്തു. പിന്നെയും ചോദ്യം ചെയ്തതോടെയാണ് പഞ്ചലോഹ വിഗ്രഹത്തെ പറ്റി പ്രതി സമ്മതിച്ചത്. പൂഴ്ത്തിയ സ്ഥലം കാണിച്ചു കൊടുത്തു. പൊലീസ് കണ്ടെടുത്തു

പ്രതിയുടെ വീടിനു സമീപം ആലങ്കേരിയിലെ കാടുപിടിച്ച് കിടക്കുന്ന തോട്ടിലാണ് വിഗ്രഹം ഒളിപ്പിച്ചത്. പിന്നീട് വിൽക്കാനായിരുന്നു നീക്കം. പോലീസിന്റെ ചോദ്യം ചെയ്യലിൽ പക്ഷെ പദ്ധതി പൊളിഞ്ഞു. ഓട്ടു പാത്രങ്ങൾ വിറ്റ ആക്രിക്കടയിൽ നിന്ന് അവ വീണ്ടെടുക്കുകയും ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിഷ്ണുവിനെതിരെ അടിപിടി, മോഷണം, പീഡനശ്രമം അടക്കം നിരവധി കേസുകൾ തലയോലപ്പറമ്പ്, വൈക്കം, കടുത്തുരത്തി സ്റ്റേഷനുകളിൽ നിലവിലുള്ളതായും പോലീസ് പറഞ്ഞു.